play-sharp-fill
80 ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ശതമാനവും ഡിജിറ്റല്‍ സേവനങ്ങള്‍ ; കോട്ടയം ജില്ലയില്‍ 32 സർക്കാർ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം

80 ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ശതമാനവും ഡിജിറ്റല്‍ സേവനങ്ങള്‍ ; കോട്ടയം ജില്ലയില്‍ 32 സർക്കാർ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് സംവിധാനം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കുന്ന ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലായതായി ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.എൻ. പ്രിയ അറിയിച്ചു. ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളില്‍ 40 ശതമാനവും ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കിത്തുടങ്ങി. ഈ ആശുപത്രികളില്‍ ഒ.പി രജിസ്‌ട്രേഷൻ, പ്രീ ചെക്ക്, ഡോക്ടറുടെ കണ്‍സള്‍ട്ടേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാഘട്ടങ്ങളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകും.

തുടർന്നുള്ള ചികിത്സകള്‍ക്കും ഇ-ഹെല്‍ത്ത് സംവിധാനമുള്ള മറ്റ് ആശുപത്രികളിലും തുടർ സേവനങ്ങള്‍ ഡിജിറ്റലായി നല്‍കും. രോഗിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യാത്മകതയും പൂർണമായി സംരക്ഷിച്ചുകൊണ്ടാണ് ഡിജിറ്റല്‍ സേവങ്ങള്‍ നല്‍കുക. ഒരു വർഷത്തിനകം ജില്ലയിലെ എല്ലാ ആശുപത്രികളിലും ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാകാൻ എല്ലാവരും യൂണീക് ഐഡന്റിഫിക്കേഷൻ നമ്ബർ എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ നമ്പർ ഉള്ള കാർഡ് ഉപയോഗിച്ചാകും ആരോഗ്യ സേവങ്ങള്‍ നല്‍കുക. കൂടാതെ ജീവിതശൈലി രോഗ നിർണയത്തിനുള്ള ശൈലി അപ്ലിക്കേഷൻ, കാൻസർ നിർണയത്തിനുള്ള ക്യാൻ കോട്ടയം തുടങ്ങിയ സർക്കാർ പദ്ധതികളില്‍ പരിശോധനകള്‍ സുഗമമായി നടത്തുന്നതിനും നമ്ബർ ആവശ്യമാണ്.

https://ehealth.kerala.gov.in/portal/uhid-reg എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാർ നമ്ബർ നല്‍കിയാല്‍ യൂണിക് ഹെല്‍ത്ത് ഐഡി നമ്ബർ സൗജന്യമായി ലഭിക്കും. ഇ-ഹെല്‍ത്ത് സംവിധാനം ലഭ്യമായ ആശുപത്രികളില്‍ നിന്ന് ബാർകോഡ് ഉള്‍പ്പെടെയുള്ള കാർഡ് പ്രിന്റ് ചെയ്ത് ലഭിക്കും.