34.11 കോടി രൂപയുടെ കച്ചവടം; മൊബൈല്‍ ഫോണ്‍ അനുബന്ധ ഉപകരണങ്ങളുടെ വില്‍പനയുടെ മറവില്‍ നികുതി വെട്ടിച്ചത് 6.14 കോടി രൂപ; കോട്ടയത്ത് വന്‍ ജി എസ് ടി തട്ടിപ്പ് നടത്തിയ ഇതര സംസ്ഥാന സ്വദേശി അറസ്റ്റില്‍
കോട്ടയം: കോട്ടയത്ത് വന്‍ ജി എസ് ടി തട്ടിപ്പ് നടത്തിയ ഇതര സംസ്ഥാന സ്വദേശിയെ അറസ്റ്റ് ചെയ്തു.
രാജസ്ഥാന്‍ സ്വദേശി ബദാറാം ആണ് ജി എസ് ടി ഇന്റലിജന്‍സിന്റെ വലയിലായത്.
മൊബൈല്‍ ഫോണ്‍ അനുബന്ധ ഉപകരണങ്ങളുടെ വില്‍പനയുടെ മറവില്‍ വന്‍ നികുതി വെട്ടിപ്പാണ് ബദാറാം നടത്തിയത്. ആറ് കോടി പതിനാല് ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് ബദാറാം നടത്തി എന്നാണ് കണ്ടെത്തല്‍.
കോട്ടയം ആസ്ഥാനമായി തെക്കന്‍ ജില്ലകളിലെ വമ്പന്‍ ഡീലര്‍മാര്‍ക്ക് സാധനങ്ങള്‍ എത്തിക്കുകയായിരുന്നു ബദാറാം ചെയ്തിരുന്നത്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന വ്യാപാര ശ്യംഖലയാണ് ബദാറാമിന്റേത് എന്ന് ജി എസ് ടി ഇന്റലിജന്‍സ് പറഞ്ഞു. ലക്ഷ്മി മൊബൈല്‍ ആക്‌സസറീസ് എന്നായിരുന്നു ഇയാളുടെ കോട്ടയത്തെ സ്ഥാപനത്തിന്റെ പേര്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിനു പുറത്തു നിന്ന് ട്രെയിന്‍ മാര്‍ഗമാണ് മൊബൈല്‍ ആക്‌സസറീസ് ബദാറാം കോട്ടയത്തെ തന്റെ സ്ഥാപനത്തിലേക്ക് എത്തിച്ചിരുന്നത്. സംസ്ഥാനത്തെ പ്രധാന മൊബൈല്‍ ഡീലര്‍മാര്‍ പലരും ബദാറാമിന്റെ ഇടപാടുകാരുമായിരുന്നു എന്നാണ് ജി എസ് ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ബദാറാം ജി എസ് ടി രജിസ്‌ട്രേഷന്‍ നേരത്തെ തന്നെ എടുത്തിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി നികുതി വെട്ടിപ്പ് നടത്തുകയായിരുന്നു.