ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ….! കോട്ടയം നഗരസഭയിൽ ഗുരുതര അനാസ്ഥ; തിരുവാതുക്കൽ മേഖലാ ഓഫീസിൽ 4 മാസമായി കെട്ടിക്കിടക്കുന്നത് 157 ഫയലുകൾ; നഗരസഭയിൽ നടക്കുന്നത് വോട്ട് ചെയ്ത് ജയിപ്പിച്ചവരെ കഴുതകളാക്കുന്ന ഭരണം!
കോട്ടയം: കാര്യം നടക്കണമെങ്കിൽ സർക്കാർ ഓഫിസിൽ പല തവണ തവണ കയറിയിറങ്ങണം എന്നതാണ് നാട്ടുനടപ്പ് ! കോട്ടയം നഗരസഭയിലാണെങ്കിൽ ഈ നടപ്പ് കൊണ്ടും ഒരു പ്രയോജനവുമില്ല.
സർക്കാർ ഓഫിസിലെ ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്ക്കെടുക്കാത്ത കുറച്ചു പേർ ഇവിടെയുണ്ട്.
നഗരസഭയുടെ തിരുവാതുക്കൽ മേഖലാ ഓഫിസിൽ 4 മാസമായി 157 ഫയലുകളാണു കെട്ടിക്കിടക്കുന്നത്. പുതിയ ചാർജ് ഓഫിസർ ചുമതലയേറ്റപ്പോഴാണു വിവരം പുറത്തുവന്നത്. അവർ മുഖ്യമന്ത്രി പറഞ്ഞത് അക്ഷരം പ്രതി അനുസരിക്കുകയാണ്.
തിരുവാതുക്കൽ ഓഫിസിലെ ബന്ധപ്പെട്ട ജീവനക്കാർക്കു നഗരസഭാ സെക്രട്ടറി കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. നേരത്തേ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും സെക്‌ഷൻ ക്ലാർക്കിനും റവന്യു ഇൻസ്പെക്ടർക്കും ഇക്കാര്യത്തിൽ ഗുരുതര വീഴ്ച വന്നതായാണു വിലയിരുത്തൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ജീവനക്കാരനിൽ നിന്നു മാത്രം തീർപ്പാക്കാത്ത 93 ഫയലുകൾ കണ്ടെത്തി. കൂടാതെ ഒളിപ്പിച്ചുവച്ച ഒട്ടേറെ അപേക്ഷകളും കണ്ടെടുത്തു.
സർക്കാർ കാര്യം മുറ പോലെയെന്ന ചിന്തയാകാം ഇതിനുകാരണം. പക്ഷേ, ഇവരിൽ പലരും പലവട്ടം ഓഫിസ് കയറിയിറങ്ങിയിരുന്നു. നാട്ടകം മേഖലാ ഓഫിസിലും അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി പരാതിയുണ്ട്. ഇവിടെയും പരിശോധന പുരോഗമിക്കുന്നുണ്ട്.
ജീവനക്കാരോടു നേരിട്ടു പലതവണ ആവശ്യപ്പെട്ടിട്ടും ഫയലുകൾ തുറക്കാത്തവരുണ്ടെന്നു നഗരസഭാംഗങ്ങൾ തന്നെ പറയുന്നു.
നഗരസഭയിൽ കുറച്ചുനാളുകളായി കൗൺസിൽ യോഗങ്ങൾ തുടർച്ചയായി മുടങ്ങുകയാണ്. ഭരണ – പ്രതിപക്ഷ തർക്കങ്ങളും ഭരണപക്ഷത്തെ പടലപ്പിണക്കങ്ങളുമാണു കാരണം.
ജീവനക്കാർ ഇതു മുതലെടുക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഓഡിറ്റ് പരിശോധനയ്ക്കു പോലും പല ഫയലും യഥാസമയം നൽകുന്നില്ലെന്നും ഓഡിറ്റിലെ പല പരാമർശങ്ങൾക്കും ഇനിയും മറുപടി നൽകിയിട്ടില്ലെന്നും പരാതിയുണ്ട്.