ചങ്ങനാശേരി നഗരസഭാ സ്റ്റേഡിയത്തിന്റെ പുനർനിർമാണം അവസാനഘട്ടത്തിലേക്ക് ;50 വർഷം പൂർത്തിയാക്കിയ മുനിസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക്
സ്വന്തം ലേഖകൻ
ചങ്ങനാശേരി: നഗരസഭാ സ്റ്റേഡിയത്തിന്റെ പുനർനിർമാണം അവസാനഘട്ടത്തിലേക്ക്. അത്യാധുനിക നിലവാരത്തിലുള്ള സൗകര്യങ്ങളാണു കായികതാരങ്ങൾക്കും കായികപ്രേമികൾക്കുമായി ഒരുങ്ങുന്നത്. 2023ൽ 50 വർഷം പൂർത്തിയാക്കിയ മുനിസിപ്പൽ സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണു പുനർനിർമിക്കുന്നത്.
അത്യാധുനികഫുട്ബോൾ ഗ്രൗണ്ട്
∙
അത്യാധുനിക നിലവാരത്തിലും സൗകര്യത്തിലുമുള്ള ഫുട്ബോൾ ഗ്രൗണ്ടാണു സ്റ്റേഡിയത്തിൽ നിർമിക്കുന്നത്. ഇതിന്റെ നിർമാണവും അവസാനഘട്ടത്തിലാണ്. ഫുട്ബോൾ ഗ്രൗണ്ടുകൾക്കായി ഫിഫ നിർദേശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരമുള്ള 105 മീറ്റർ നീളവും 65 മീറ്റർ വീതിയുള്ളതാണു കളിസ്ഥലമെന്ന് അധികൃതർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിർമാണത്തിനായി നിലവിൽ 20 എംഎം മെറ്റൽ 10 സെന്റിമീറ്റർ കനത്തിൽ അടിച്ചിരിക്കുന്നു. ഇതിനു മുകളിൽ ഇനി 10 എംഎം മെറ്റൽ 5 സെന്റിമീറ്റർ കനത്തിലും റെഡ് എർത്ത് (ചുവന്ന മണൽ) 10 സെന്റിമീറ്റർ കനത്തിലും ഇടും. ഇതിനു മുകളിൽ 5 സെന്റിമീറ്റർ കനത്തിൽ മണ്ണ്, പുഴ മണൽ, വളം എന്നിവ സമ്മിശ്രമായി ഇടും. ഒടുവിൽ ഗ്രാസിങ് റൂട്ട് വച്ച് ഗ്രൗണ്ട് ഒരുക്കും. പുല്ലുകൾ നനച്ചു കൊടുക്കാൻ ഗ്രൗണ്ടിൽ 35 സ്പ്രിങ്ക്ലറുകളാണു സ്ഥാപിച്ചിരിക്കുന്നത്. പ്രതിദിനം 40,000 ലീറ്റർ വെള്ളം ഇതിലൂടെ ഗ്രൗണ്ടിന്റെ എല്ലാം കോണിലും സ്വയം പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെ നനയ്ക്കും. ഫുട്ബോൾ ഗ്രൗണ്ടിന്റെ സംരക്ഷണത്തിനായി ഗ്രൗണ്ടിനു ചുറ്റും 6 മീറ്റർ ഉയരത്തിൽ വേലി സ്ഥാപിച്ചിട്ടുണ്ട്.
സൗകര്യങ്ങൾഇനിയുമേറെ
∙ സ്റ്റേഡിയത്തിനുള്ളിലെ ഫുട്ബോൾ ഗ്രൗണ്ടിനു ചുറ്റും ഓടാനും വ്യായാമത്തിനുമായി മഡ് ട്രാക്ക് നിർമാണവും ഉടൻ ആരംഭിക്കും.
∙ ഫുട്ബോൾ ഗ്രൗണ്ടിലും സ്റ്റേഡിയത്തിലും മഴവെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഡ്രെയ്നേജ് സംവിധാനം ഒരുക്കിയിട്ടുണ്ട്. റോഡരികിൽ പൊതുമരാമത്ത് വകുപ്പിന്റെ ഡ്രെയ്നേജിലേക്കാണു വെള്ളം ചെല്ലുക.
∙ 6 ഫ്ലഡ്‌ലൈറ്റുകളും 6 സ്ട്രീറ്റ് ലൈറ്റുകളും ഉൾപ്പടെ ആകെ 46 ലൈറ്റുകളാണു സ്റ്റേഡിയത്തിൽ പ്രകാശിക്കുക.
∙ സ്റ്റേഡിയത്തിന്റെ ആവശ്യങ്ങൾക്കായി കുഴൽക്കിണർ കുത്തിയിട്ടുണ്ട്. 50,000 ലീറ്റർ ശേഷിയുള്ള ടാങ്കും സ്ഥാപിച്ചു.
5.15 കോടി രൂപ ചെലവഴിച്ചുള്ള നിർമാണപ്രവർത്തനങ്ങളാണു പുരോഗമിക്കുന്നത്. ചങ്ങനാശേരിയെ സ്പോർട്സ് ഹബ്ബായി മാറ്റാൻ രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയമാണു നിർമിക്കുന്നത്. ചങ്ങനാശേരിയിൽ നിന്നു ഭാവിയിൽ കായികലോകത്തേക്ക് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്യാൻ ഈ സ്റ്റേഡിയത്തിനു സാധിക്കും.
ജോബ് മൈക്കിൾ എംഎൽഎ
ക്രിക്കറ്റ്, വോളിബോൾ
∙ ക്രിക്കറ്റ്, വോളിബോൾ പ്രേമികൾക്കും സ്റ്റേഡിയത്തിനുള്ളിൽ ഇടമുണ്ട്. സ്റ്റേഡിയത്തിനുള്ളിൽ ഫുട്ബോൾ ഗ്രൗണ്ടിനു പുറത്ത് പടിഞ്ഞാറു ഭാഗത്തായി ക്രിക്കറ്റ് നെറ്റ് പരിശീലനത്തിനുള്ള ഇടവും വോളിബോൾ മഡ് കോർട്ടും ഒരുക്കും.
മൾട്ടി ജിം
∙ സ്റ്റേഡിയത്തിനുള്ളിലെ പവിലിയനിൽ നിർമിക്കുന്ന മൾട്ടി ജിമ്മിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. പൂർണമായും ശീതികരിച്ച ജിമ്മിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രവേശനമുണ്ടാകും. പ്രത്യേകം ശുചിമുറികളും ഡ്രസിങ് റൂമുകളുമുണ്ട്. മ്യൂസിക് സംവിധാനത്തിനായി 10 സ്പീക്കർ ഉണ്ട്. അത്യാധുനിക ഉപകരണങ്ങളാണു ജിമ്മിൽ എത്തിക്കുക. 2500 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതിനാൽ കൂടുതൽ പേർക്ക് ഒരേ സമയം എത്താം. തുച്ഛമായ ഫീസ് ഈടാക്കി ആരംഭിക്കാനാണു ശ്രമം. രണ്ടാഴ്ചയ്ക്കുള്ളിൽ ജോലികൾ പൂർത്തിയാക്കും.
കാഴ്ച കാണാൻ ഗാലറി
∙ നിലവിൽ ഗാലറിയുടെ പൊളിഞ്ഞ ഭാഗങ്ങൾ പ്ലാസ്റ്റർ ചെയ്യും. മഴയും വെയിലുമേൽക്കാതെ മത്സരം കാണാൻ മേൽക്കൂരയായി ടെൻസെയിൽ റൂഫിങ് നിർമിക്കും. സ്റ്റേഡിയത്തിന്റെ ഭംഗിയോട് ഇണങ്ങിനിൽക്കുംവിധമാകും ഇത്.