
സ്വന്തം ലേഖിക
കോയമ്പത്തൂർ: തീവണ്ടി യാത്രയ്ക്കിടെ എട്ടര ലക്ഷം രൂപയുടെ ആഭരണങ്ങൾ അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി മൂന്ന് മാസങ്ങൾക്ക് ശേഷം പിടിയിൽ. ഈറോഡ് ആർ. പി. എഫ്. ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഈറോഡ് റെയിൽവേ കോളനി കുമരൻ നഗറിൽ ഫൈസൽ (29) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നുമാസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായതെന്ന് ആർ. പി. എഫ്. അസി. സെക്യൂരിറ്റി കമ്മീഷണർ കെ. വി. രതീഷ് ബാബു അറിയിച്ചു.
കൊച്ചുവേളി-മൈസൂരു എക്സ്പ്രസിൽ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് എ.സി. കോച്ചിൽ യാത്രചെയ്ത പങ്കജം ഡി.നായരുടെ ബാഗാണ് മോഷണം പോയത്. ഇവർക്കൊപ്പം മകനും തീവണ്ടിയിലുണ്ടായിരുന്നു.എട്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, എട്ട് പവന്റെ സ്വർണ്ണമാല, വാച്ച്, 35,000 രൂപ വിലമതിക്കുന്ന മൊബൈൽഫോൺ എന്നിവയാണ് കാണാതായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീവണ്ടി ബെംഗളൂരു എത്തിയ ശേഷമാണ് മോഷണവിവരമറിഞ്ഞത്. തുടർന്ന് ബെംഗളൂരു റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവം പരിശോധിച്ച പൊലീസ് ഈറോഡ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നതെന്ന് കണ്ടെത്തി. തുടർന്ന് ഈറോഡ് പൊലീസിന് കേസ് കൈമാറുകയായിരുന്നു.
റെയിൽവേ ഡിവൈ.എസ്. പി. യാസ്മിൻ, ആർ. പി. എഫ്. അസി. സെക്യൂരിറ്റി കമ്മീഷണർ കെ. വി. രതീഷ് ബാബു എന്നിവരുടെ മേൽനോട്ടത്തിൽ ആർ. പി. എഫ്. സബ്ബ് ഇൻസ്പെക്ടർ കെ. എം. നിഷാന്ത്, അസി. സബ്ബ് ഇൻസ്പെക്ടർ ഗോപാല കൃഷ്ണൻ, കോൺസ്റ്റബിൾ ശരവണൻ, റെയിൽവേ പൊലീസ് എസ്. ഐ. രഘുവരൻ, പൊലീസുകാരായ കണ്ണൻ, ജയവേൽ എന്നിവർ അടങ്ങിയ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് വൈരമാല, ആറ് ഗ്രാം സ്വർണാഭരണം, സെൽഫോൺ, വാച്ച് എന്നിവ കണ്ടെടുത്തു. ഈറോഡ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.