കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മ്മാണം ഇന്ന് പുനരാരംഭിക്കും; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി നാട്ടുകാരും യുഡിഎഫും; പിന്മാറില്ലെന്ന് മേയര്‍; സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ
സ്വന്തം ലേഖിക
കോഴിക്കോട്: പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വീണ്ടും ആരംഭിക്കും.
പ്രദേശവാസികള്‍ നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് പ്രവൃത്തികള്‍ ഇന്നലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പ്ലാന്റിന്റെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥലത്ത് കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീണ്ടും പണി തുടങ്ങിയാല്‍ പ്രതിഷേധം ശക്തമാക്കാന്‍ ആണ് നാട്ടുകാരുടെ തീരുമാനം.
കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ അറസ്റ്റിലായ നാട്ടുകാരെ ജാമ്യത്തില്‍ വിട്ടയച്ചു. പ്രതിഷേധം ശക്തമാകുമ്പോഴും പദ്ധതിയില്‍ നിന്ന് പുറകോട്ടില്ലെന്നാണ് നഗരസഭയുടെ നിലപാട്. സമരത്തിന് യുഡിഎഫ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ ഈ വിഷയത്തില്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് പ്രതിഷേധിച്ചിരുന്നു. എന്ത് വിലകൊടുത്തും ജനവാസ മേഖലയിലെ പ്ലാന്‍റ് നിര്‍മ്മാണം തടയുമെന്ന് യുഡിഎഫ് പറഞ്ഞു.
എന്നാല്‍ ആവിക്കലിലും കോതിയിലും മാലിന്യ പ്ലാന്റ് വരുന്നതിനെ ആദ്യം അനുകൂലിച്ചവരാണ് എം കെ രാഘവന്‍ എംപി ഉള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍. ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി അവര്‍ നിലപാട് മാറ്റിയെന്ന് മേയര്‍ ബീന ഫിലിപ്പ് ആരോപിച്ചു.