കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചലനമറ്റ് പോയ 11 പേരുടെ ജീവന് മരണവാറൻ്റ് നല്‍കിയത് രാഷ്ട്രീയക്കാര്‍; പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശത്ത് എങ്ങനെ ക്വാറി ലൈസന്‍സുകൾ നല്‍കി;  എന്ത് മുന്നറിയിപ്പുകള്‍ സ്വീകരിച്ചു; ഇനിയും എത്ര പേരെ കൊന്നൊടുക്കും

കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ചലനമറ്റ് പോയ 11 പേരുടെ ജീവന് മരണവാറൻ്റ് നല്‍കിയത് രാഷ്ട്രീയക്കാര്‍; പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശത്ത് എങ്ങനെ ക്വാറി ലൈസന്‍സുകൾ നല്‍കി; എന്ത് മുന്നറിയിപ്പുകള്‍ സ്വീകരിച്ചു; ഇനിയും എത്ര പേരെ കൊന്നൊടുക്കും

Spread the love

സ്വന്തം ലേഖിക

കോട്ടയം: മുണ്ടക്കയം കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടല്‍ കവർന്നെടുത്തത് 11 പേരുടെ ജീവനാണ്.

നിരവധി കുടുംബങ്ങളാണ് ആയുഷ്കാലം മുഴുവൻ സമ്പാദിച്ചതെല്ലാം കൺമുന്നിൽ ഒലിച്ചുപോകുന്നതിന് സാക്ഷ്യം വഹിച്ചത്.
ഇപ്പോഴും ആ കണ്ണീരിൻ്റെ നനവ് ഉണങ്ങിയിട്ടില്ല. എന്നാൽ ആ ചലനമറ്റ് പോയ ജീവിതങ്ങൾക്ക് കാരണം രാഷ്ട്രീയക്കാരാണെന്ന ആരോപണം ശക്തമാവുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണീരണിഞ്ഞ കണ്ണുകളോടെ ചാനലുകള്‍ക്ക് മുന്നിലെത്തി അഭിനയിച്ച്‌ തകര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ പല ഘട്ടങ്ങളിലായി നല്‍കിയ ക്വാറി ലൈസന്‍സുകളാണ് യഥാര്‍ത്ഥത്തില്‍ ഇത്രയധികം പേരെ കൊന്നൊടുക്കിയ മരണവാറണ്ടായി മാറിയത്.

കൂട്ടിക്കല്‍ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതിലോലപ്രദേശത്താണെന്നും ഇവയുടെ പ്രവര്‍ത്തനം നിരോധിക്കണമെന്ന് വിദഗ്ദ്ധര്‍ വളരെ മുമ്പേ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ട് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.

പ്രദേശത്ത് പാറമടകള്‍ നിരോധിക്കണമെന്ന് ജൈവവൈവിധ്യ ബോര്‍ഡ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ട് ഇതുവരെ പരിഗണിച്ചിട്ടില്ല. കൂട്ടിക്കലിപ്പോള്‍ ഒരു ദുരന്തമായി മുന്നില്‍ നില്‍ക്കുമ്പോള്‍ മുന്നറിയിപ്പുകള്‍ സംബന്ധിച്ച്‌ സര്‍ക്കാര്‍ എന്ത് നടപടികളാണ് എടുത്തിരുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.

പത്ര റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തോളം നിര്‍ത്തിവെച്ച പാറമടകളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു. ഇതിനിടയിലാണ് ദുരന്തം വന്നുചേര്‍ന്നിരിക്കുന്നത്.

കൂട്ടിക്കല്‍ പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമെന്നാണ് ജൈവവൈവിധ്യബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഈ ഭാഗത്തെപ്പറ്റി പറഞ്ഞിരുന്നത്.

വാഗമണ്‍ മൊട്ടക്കുന്നുകളുടെ ഒരു ഭാഗമാണ് പാറമടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം. കോട്ടയം ജില്ലയിലെ പ്രധാന നദികളുടെ തുടക്കം ഇവിടത്തെ ഷോലവനമേഖലകളാണ്. ഇത്തരം പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ നോക്കുകുത്തിയായി നിന്നത്. പ്രദേശത്തെ സന്തുലിതാവസ്ഥ തകിടംമറിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം കാരണം 400-ഓളം കുടുംബങ്ങള്‍ ഭീതിയിലാണെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കോട്ടയം ജില്ലയില്‍ ഏറ്റവുമധികം ഉരുള്‍പൊട്ടലുണ്ടാകുന്ന പ്രദേശമാണ് കൂട്ടിക്കല്‍. മഴ ശക്തമാകുന്ന സന്ദര്‍ഭങ്ങളില്‍ പത്ത് ഉരുള്‍പൊട്ടല്‍ വരെ ഇവിടെ ഉണ്ടാകാറുണ്ട്. 400 ഓളം കുടുംബങ്ങള്‍ ഇവിടെ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശമായിട്ടും പാറമടകളാല്‍ സമ്പന്നമാണ് ഇവിടം.

രാഷ്ട്രീയക്കാരുടെ സ്വാധീനഫലമായാണ് കോട്ടയം ജില്ലയില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പാറമടകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. വയനാട്ടിലും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പാറമടകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി പോലും പാറമട ലോബിക്ക് അനുകൂലമായി.

ഈരാറ്റുപേട്ട മുതല്‍ വാഗമണ്‍ വരെയും മീനച്ചില്‍ താലൂക്കിലും പൂഞ്ഞാര്‍, കൂട്ടിക്കല്‍, പൂഞ്ഞാര്‍ തെക്കേക്കര തിടനാട് പഞ്ചായത്തുകളില്‍ നൂറുകണക്കിന് പാറമടകളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും അനധികൃതമാണ്. ഇതിനെതിരെ പ്രദേശവാസികള്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഗാഡ്ഗിന്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയ സ്ഥലങ്ങളില്‍ 5 പാറമടകളുണ്ട്. രണ്ടെണ്ണം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. നാല് പുതിയ പാറമടകള്‍ പുതുതായി ലൈസന്‍സ് നേടിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് കിഴക്കന്‍ മലയോരം ഇനിയും ഇതിലും വലിയ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞത്. ഓരോ തവണയും പാറമടകള്‍ അനുവദിക്കുമ്പോള്‍ കോടികളാണ് രാഷ്ട്രീയകാര്‍ക്ക് മറിയുന്നത്.

കോടികള്‍ പോക്കറ്റില്‍ വന്ന്‌ നിറയുമ്പോള്‍ രാഷ്ട്രീയക്കാര്‍ എന്തും ചെയ്യും. അതിന്റെ ഫലമാണ് നിരപരാധികള്‍ അനുഭവിക്കുന്നത്.
കൂട്ടിക്കലില്ലിൽ പൊലിഞ്ഞ ജീവനുകളിൽ ഉത്തരം പറയേണ്ടത് രാഷ്ട്രീയക്കാരാണ്. അവരുടെ ലാഭ മോഹത്തിൽ ഇനിയും നിരപരാധികൾ ഇരയായേക്കാം