play-sharp-fill
കൊടൂരാറ്റിലെ കാറ്റേറ്റ് വിശ്രമിക്കാം കോടിമതയില്‍; ടൂറിസം വില്ലേജ് പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയായി; കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു ലഭിക്കുന്നതോടെ  പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

കൊടൂരാറ്റിലെ കാറ്റേറ്റ് വിശ്രമിക്കാം കോടിമതയില്‍; ടൂറിസം വില്ലേജ് പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയായി; കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു ലഭിക്കുന്നതോടെ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

സ്വന്തം ലേഖിക

കോട്ടയം: കോടിമതയില്‍ കൊടൂരാറിൻ്റെ കാറ്റേറ്റ് ഇനി വിശ്രമികാം. ടൂറിസം വില്ലേജ് പദ്ധതിയുടെ രണ്ടാംഘട്ട നിര്‍മാണം അവസാനിച്ചു.


91 ലക്ഷം രൂപ വരെ മുതല്‍മുടക്കിയായിരുന്നു പദ്ധതിയുടെ രണ്ടാംഘട്ടം വരെ പൂര്‍ത്തിയാക്കിയത്. കോടിമത ബോട്ട് ജെട്ടി മുതല്‍ പടിഞ്ഞാറേക്കര റോഡ് അവസാനിക്കുന്നിടം വരെയുള്ള ഒന്നരക്കിലോമീറ്ററാണു കൊടൂരാറ്റിലെ കാറ്റേറ്റ് വിശ്രമിക്കുന്നതിനുള്ള വിപുലമായ സൗകര്യം ഏര്‍പ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരുന്നപ്പോഴാണു പദ്ധതിക്കായി ഒരു കോടി 42 ലക്ഷം രൂപ അനുവദിച്ചത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് നിര്‍മാണച്ചുമതല.

ഇവിടെ ഇനി സ്‌നാക്‌സ്-ഐസ്‌ക്രീം പാര്‍ലറുകളും ഉണ്ടാകും. കൊടൂരാറിന്റെ കരയിലൂടെയുള്ള നടപ്പാതയാണു പ്രധാന ആകര്‍ഷണം.

ഒന്നരക്കിലോമീറ്ററില്‍ ടൈല്‍ പാകി കാല്‍നടയ്‌ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം പത്തോളം ചെറിയ കിയോസ്‌കുകളുടെയും പണി പൂര്‍ത്തിയായി.

ഇടിഞ്ഞ് അപകടനിലയിലായിരുന്ന കല്‍ക്കെട്ടുകള്‍ ബലപ്പെടുത്തി. വേളി ടൂറിസ്‌റ്റ് വില്ലേജ് മാതൃകയില്‍ ചെറിയ പെഡല്‍ ബോട്ടുകളും കൊടൂരാറ്റില്‍ ഒരുക്കാന്‍ ശ്രമിക്കുമെന്നു ഡിടിപിസി സെക്രട്ടറി റോബിന്‍ സി. കോശി പറഞ്ഞു.

ആറ് സഞ്ചരിക്കാവുന്ന സ്‌പീഡ് ബോട്ടില്‍ കോട്ടയം-എറണാകുളം യാത്രയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആലോചിക്കുന്ന മറ്റൊരു പദ്ധതി. ആറ് പേര്‍ക്കു സഞ്ചരിക്കാവുന്ന സ്‌പീഡ് ബോട്ട് 45 മിനിറ്റിനുള്ളില്‍ എറണാകുളത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു ലഭിക്കുന്നതോടെ കോടിമത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം.