അപൂർവ രോഗം, രക്ഷപ്പെടില്ലെന്ന് ഡോക്ടർമാർ : അവസാനം ആസ്റ്റർ മെഡിസിറ്റിയിൽ കുഞ്ഞ് സുരക്ഷിതം
കൊച്ചി: ആസ്റ്റർ മെഡിസിറ്റിക് ഒരു പൊൻതൂവൽ കൂടി. ഗർഭപാത്രത്തിലുള്ള കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയിൽപെടുമ്പോൾ മറ്റ് വഴികളില്ലെങ്കില്‍ ഗർഭം അലസിപ്പിക്കാൻ ഡോക്ടർമാർ നിർദേശിക്കാറുണ്ട്. അതുതന്നെയാണ് കോതമംഗലം സ്വദേശികളായ ദമ്പതിമാരോടും കോതമംഗലത്തെ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചത്. ജനിച്ചുകഴിഞ്ഞാല്‍ കുഞ്ഞിനെ ശ്വാസമെടുക്കാൻ അനുവദിക്കാത്തത്രയും വലിപ്പമുള്ള കുഞ്ഞിന്റെ തൊണ്ടയില്‍ രൂപപ്പെട്ട മുഴയായിരുന്നു കാരണം. എന്നാല്‍ ആറ്റുനോറ്റുകാത്തിരുന്ന പൊന്നോമനയെ വിധിക്ക് വിട്ടുകൊടുക്കാൻ അവർ തയാറായിരുന്നില്ല.
അവർ നേരെ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ എത്തി. അവിടെ വെച്ചാണ് ജനിച്ച് ഒരുവർഷത്തിന് ശേഷം ആ ആണ്‍കുഞ്ഞ് ആദ്യമായി ശബ്ദമുയർത്തി കരഞ്ഞത്. ഗർഭിണികളില്‍ നടത്താറുള്ള ചെക്കപ്പുകളില്‍ ഒന്നിലാണ് ഗർഭപാത്രത്തിലുള്ള കുഞ്ഞിന്റെ ശ്വാസനാളിയില്‍ മുഴ കണ്ടെത്തിയത്. അപൂർവങ്ങളില്‍ അപൂർവമായ സിസ്റ്റിക് ഹൈഗ്രോമ എന്ന അവസ്ഥയാണ് കുഞ്ഞിനുള്ളതെന്ന് ആസ്റ്റർ മെഡ്സിറ്റിയിലെ ഭ്രൂണചികിത്സയില്‍ കണ്‍സള്‍ട്ടന്റായ ഡോ. സിന്ധു പുതുക്കുടി നടത്തിയ പരിശോധനകളില്‍ തിരിച്ചറിഞ്ഞു. നാലര സെന്റിമീറ്ററായിരുന്നു മുഴയുടെ വലിപ്പം. മാസങ്ങള്‍ കടന്നുപോയതോടെ തൊണ്ടയിലെ മുഴയും വലുതായിക്കൊണ്ടിരുന്നു. ഇനിയും മുഴ വലുതായാല്‍ അപകടമാണെന്ന ഘട്ടമെത്തിയതോടെ ഡോക്ടർമാർ തീരുമാനം എടുത്തു.
ആദ്യം, പ്രസവസമയത്ത് കുഞ്ഞിന്റെ ശ്വാസനാളിയില്‍ തടസങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം. ഈ സമയം അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം മുറിയാതെ തന്നെ സൂക്ഷിക്കുകയും വേണം. എന്നാല്‍ മാത്രമേ കുഞ്ഞിനാവശ്യമുള്ള ഓക്സിജൻ കിട്ടുകയുള്ളു. എവിടെയെങ്കിലും പാളിച്ചയുണ്ടായാല്‍ ജീവൻ കിട്ടാതെ കുഞ്ഞിന്റെ അവസ്ഥ അപകടത്തിലാകും. അതിനായി തീർത്തും അസാധാരണമായ ഒരു പോംവഴിയാണ് അവർ കണ്ടെത്തിയത്. സിസേറിയൻ സമയത്ത് കുഞ്ഞിന്റെ തല മാത്രം പുറത്തെടുത്ത് പ്രാണവായു കിട്ടുന്നതിനാവശ്യമായ ട്യൂബുകള്‍ ഘടിപ്പിച്ച ശേഷം മാത്രം കുഞ്ഞിനെ പുറത്തെടുക്കുക. ശേഷം ഉടൻ കുഞ്ഞിനെ ഇൻക്യൂബേറ്റ് ചെയ്യുക. ഇതായിരുന്നു പദ്ധതി. എക്സിറ്റ് (ex utero intrapartum treatment procedure) എന്നറിയപ്പെടുന്ന ചികിത്സാക്രമമാണിത്. സാധാരണഗതിയില്‍ ശ്വാസതടസമുള്ള കുഞ്ഞുങ്ങളെ പൂർണമായും പുറത്തെത്തിച്ച ശേഷം പ്രാണവായു നല്‍കാനായി പുറമെ നിന്ന് കുഴല്‍ഘടിപ്പിച്ചു നല്‍കുകയാണ് ചെയ്യാറ്. എന്നാല്‍ ആ മാർഗം ഇവിടെ പ്രാവർത്തികമാക്കാൻ കഴിയില്ലായിരുന്നു. കുഞ്ഞിന്റെ കഴുത്തിലെ മുഴയുടെ വലിപ്പം കാരണം ഒട്ടുംതന്നെ ഓക്സിജൻ വലിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു കുഞ്ഞ്. അമ്മയുടെ ശരീരത്തിന്റെ പിന്തുണയില്ലാതെ ഒരു നിമിഷം പോലും കുഞ്ഞിന് ജീവിച്ചിരിക്കാൻ കഴിയുമായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെ 2023 മാർച്ച് ഏഴിന് അസാധാരണമായ മാർഗത്തിലൂടെ ഡോക്ടർമാർ ചികിത്സാപ്രക്രിയ നടത്തി. മുൻതീരുമാനിച്ച പ്രകാരം അമ്മയുടെ വയറില്‍ മുറിവുണ്ടാക്കി കുഞ്ഞിന്റെ തല മാത്രം ആദ്യം പുറത്തെടുത്തു. അതുകഴിഞ്ഞുള്ള ഓരോ നിമിഷവും വളരെ പ്രധാനമായിരുന്നു. കുഞ്ഞിന്റെ ഓക്സിജൻ നില നിരന്തരം പരിശോധിക്കാൻ പള്‍സ് ഓക്സിമീറ്റർ സ്ഥാപിച്ചു. എന്നാല്‍ ഇത്രയും വലിയ മുഴയ്ക്കുള്ളില്‍ കുഞ്ഞിന്റെ ശ്വാസനാളി എവിടെയെന്ന് കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. മുഴ വളർന്ന് കുഞ്ഞിന്റെ വായ വരെ എത്തിയിരുന്നു. അതിനാല്‍ നേരത്തെ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല ഇൻക്യൂബേഷനും. ഏതാണ്ട് 14 മിനിറ്റ് വേണ്ടിവന്നു കുഞ്ഞിന്റെ ശ്വാസനാളി കണ്ടെത്താൻ. കുഞ്ഞിന്റെ സ്വരനാളിയിലൂടെ ഒരു ട്യൂബ് ശ്വാസനാളിയിലേക്ക് കടത്തിവിട്ട് ശ്വാസം നല്‍കി. അതിവേഗത്തില്‍ ഇൻക്യൂബേഷൻ നടപടികള്‍ പൂർത്തിയാക്കി. കുഞ്ഞിനെ പൂർണമായും പുറത്തെടുക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ കഴുത്തിലെ മുഴ കഴിയാവുന്നത്രയും നീക്കം ചെയ്യാനായി പ്രത്യേക ശസ്ത്രക്രിയ നടത്തി. മുന്നോട്ടുള്ള നീണ്ടചികിത്സാകാലയളവില്‍ കുഞ്ഞിനാവശ്യമായ ഓക്സിജൻ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതില്‍ ഈ നടപടികള്‍ ഏറെ നിർണായകമായിരുന്നു. കഴുത്തിലെ മുഴ ക്രമേണ നീക്കുന്നതിനായി പലതവണ ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു.
മുഴയുടെ വലിപ്പം ചുരുക്കുന്നതിനും മുഴയിലേക്കുള്ള രക്തക്കുഴലുകള്‍ മരവിപ്പിക്കുന്നതിനുമുള്ള ചികിത്സകള്‍ നടത്തി. വ്യത്യസ്ത വിഭാഗത്തിലുള്ള ഡോക്ടർമാരുടെ ദീർഘകാലത്തെ കഠിനാധ്വാനവും വൈദഗ്ധ്യവും പരിചയസമ്ബത്തുമാണ് ജീവിതത്തിലേക്കുള്ള കുഞ്ഞിന്റെ യാത്രയ്ക്ക് കരുത്തേകിയത്.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2024 ജനുവരി 1ന് കുഞ്ഞിന്റെ ശ്വാസനാളിയില്‍ രണ്ടാംഘട്ട സർജറി നടത്തി. ശ്വാസനാളി കൂടുതല്‍ വിശാലമാക്കാനായിരുന്നു ശ്രമം. അങ്ങനെ അമ്മയുടെ മടിയില്‍ കുഞ്ഞ് ഉണർന്നിരിക്കെ തന്നെ, വായില്‍ നിന്നും കുഴലുകള്‍ നീക്കം ചെയ്തു. ട്യൂബ് നീക്കം ചെയ്ത ശേഷം ബുദ്ധിമുട്ടൊന്നുമില്ലാതെ തന്നെ കുഞ്ഞ് സ്വയം ശ്വാസമെടുത്തുതുടങ്ങി. പിന്നെയും പല ശസ്ത്രക്രിയകള്‍ക്കും ചികിത്സയ്ക്കും ആ കുഞ്ഞ് വിധേയനായി. ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രതീക്ഷകളുടെ വലിയൊരു പ്രതീകമാണ്.