കെവിനെ കൊന്നത് അച്ഛനും സഹോദരനും ചേർന്നു തന്നെ: ഗൂഡാലോചനയിൽ  ഇരുവർക്കുമുള്ള പങ്ക് ശരിവച്ച് നീനുവിന്റെ മൊഴി: നീനുവിന്റെ നിർണ്ണായക മൊഴി പ്രതികൾക്കു കുരുക്കാവും

കെവിനെ കൊന്നത് അച്ഛനും സഹോദരനും ചേർന്നു തന്നെ: ഗൂഡാലോചനയിൽ ഇരുവർക്കുമുള്ള പങ്ക് ശരിവച്ച് നീനുവിന്റെ മൊഴി: നീനുവിന്റെ നിർണ്ണായക മൊഴി പ്രതികൾക്കു കുരുക്കാവും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കെവിൻ കേസിൽ പ്രതികൾക്കെതിരെ നിർണ്ണായ മൊഴി നൽകി കൊല്ലപ്പെട്ട കെവിന്റെ കാമുകി നീനു. വിചാരണ നടന്ന പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എസ്.ജയചന്ദ്രൻ മുമ്പാകെയാണ് നീനു വ്യാഴാഴ്ച എത്തി നിർണ്ണായക മൊഴി നൽകിയത്. പ്രതികളെ ഏറെ പ്രതിരോധത്തിലാക്കുന്നതാണ് ഇവരെ നേരിട്ട് ബാധിക്കുന്ന നീനുവിന്റെ മൊഴികൾ. അച്ഛൻ ചാക്കോയ്ക്കും, സഹോദരനും കേസിലെ ഒന്നാം പ്രതിയുമായ ഷാനു ചാക്കോയ്ക്കും എതിരായതാണ് നീനു ഇപ്പോൾ നൽകിയിരിക്കുന്ന മൊഴി. കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ നീനു, അന്ന് ഗാന്ധിനഗർ എസ്.ഐ ആയിരുന്ന എം.എസ് ഷിബുവിനൈതിരെയും മൊഴി നൽകി. കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ഷിബുവിനെ നേരത്തെ തന്നെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു.
കൊല്ലപ്പെട്ട കെവിനൊപ്പം നീനു വീടുവിട്ട് പോന്നതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലും സംഘർഷത്തിലും കലാശിച്ചത്. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ കേസിലെ വിചാരണയും, സാക്ഷി വിസ്താരവും തുടങ്ങി അഞ്ചാം ദിവസമാണ് വിസ്തരിക്കുന്നത്. നേരത്തെ നീനുവിന് വിചാരണയ്ക്കായി നോട്ടീസ് നൽകിയിരുന്നെങ്കിലും അനീഷ് അടക്കമുള്ള സാക്ഷികളുടെ വിസ്താരം നീണ്ടു പോയതോടെയാണ് നീനുവിനെ വാദിക്കുന്നത് നീണ്ടു പോയത്. കേസിൽ നീനുവിന്റെ മൊഴി ഏറെ നിർണ്ണായകമാവും.
താഴ്ന്ന ജാതിയിൽപ്പെട്ട കെവിനെ വിവാഹം കഴിക്കാൻ അനുവദിക്കില്ലെന്ന് നീനുവിനോട് പിതാവ് ചാക്കോ പല തവണ പറഞ്ഞിരുന്നതായി നീനു കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. കെവിൻ താഴ്ന്ന ജാതിക്കാരനാണെന്നതായിരുന്നു വിവാഹം നടത്തി നൽകാതിരിക്കാൻ വീട്ടുകാർ കാരണമായി പറഞ്ഞിരുന്നത്. കെവിനൊപ്പം ജീവിക്കാൻ സമ്മതിക്കില്ലെന്ന് പിതാവ് ചാക്കോ തന്നോട്് പലവട്ടം പറഞ്ഞിരുന്നതായി നീനു കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. കൊലപാതകം പിതാവിന്റെയും സഹോദരന്റെയും ദുരഭിമാനത്തിന്റെ പേരിലായിരുന്നെന്നും, ദുരഭിമാന കൊലപാതകമായി തന്നെ ഇതിനെ കണക്കാക്കാമെന്നും നീനു മൊഴി നൽകിയിട്ടുണ്ട്.
കെവിൻ മരിക്കാൻ കാരണം എന്റെ അച്ഛനും സഹോദരനുമാണ്. അതിനാൽ കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്വം എനിക്ക് ഉണ്ടെന്നും അതിനാലാണ് കെവിന്റെ വീട്ടിൽ നിൽക്കുന്നതെന്നും നീനും കോടതിയിൽ പറഞ്ഞു.എസ് ഐ എം.എസ്. ഷിബു കെവിൻറെ കഴുത്തിൽ പിടിച്ച് തള്ളിയെന്നും. അച്ഛൻ ചാക്കോയൊടൊപ്പം പോകാൻ ആവശ്യപ്പെട്ടുവെന്നും നീനു കോടതിയെ അറിയിച്ചു. സമ്മതിക്കാതിരുന്നപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതാണെന്ന് എഴുതി വാങ്ങിക്കുകയും ചെയ്തു എന്ന് നീനു വ്യക്തമാക്കി. കെവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണെന്നും നീനു കോടതിയിൽ പറഞ്ഞു.രണ്ടാം പ്രതി നിയാസ് ഭീഷണിപ്പെടുത്തിയിരുന്നതായും നീനു കോടതിയിൽ പറഞ്ഞു. ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് നിയാസ് ഫോണിൽ ഭീഷണിപ്പെടുത്തി. അനീഷിൻറെ വീട്ടിലെത്തിയപ്പോഴാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ കെവിനോട് ഫോണിൽ സംസാരിച്ചിരുന്നുവെന്നും നീനു കോടതിയിൽ പറഞ്ഞു.കെവിൻ കൊല്ലപ്പെടാൻ കാരണക്കാർ തന്റെ പിതാവ് ചാക്കോയും, സഹോദരൻ ഷാനുവുമാണെന്നും നീനു കോടതിയിൽ ആവർത്തിച്ചു. കെവിനെ വിവാഹം ചെയ്താൽ അഭിമാനം പോകുമെന്നാണ് ചാക്കോ ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ കെവിന്റെ കൊലപാതകത്തിനുള്ള ആസൂത്രണം തയ്യാറാക്കിയത് ചാക്കോയും, ഷാനുവും ചേർന്നാണെന്നും നീനു കോടതിയിൽ ആവർത്തിച്ചു.
അച്ഛൻ ചാക്കോയ്ക്കും, ഷാനുവിനുമെതിരെ മൊഴി നൽകുമ്പോൾ ഒരിക്കൽ പോലും നീനു പതറിയില്ല. ഉറച്ച വാക്കുകളിലായിരുന്നു നീനുവിന്റെ മൊഴി. നീനു കേസിൽ നിർണ്ണായകമായ മൊഴി നൽകിയതോടെ പ്രതിഭാഗം പൂർണമായും പ്രതിരോധത്തിലായിട്ടുണ്ട്. ഈ കേസിൽ ഇതുവരെ ഒരാൾ മാത്രമാണ് മൊഴി മാറ്റിയ സാഹചര്യമുണ്ടായത്. ക്രോസ് വിസ്താരത്തിലും ഒരാൾ പോലും മൊഴി മാറ്റിയിട്ടുമില്ല. ഈ സാഹചര്യത്തിൽ പ്രതികൾക്ക് കേസിൽ പരമാവധി ശിക്ഷ തന്നെ ലഭിക്കുമെന്നാണ് ലഭിക്കുന്ന സൂചന.