ട്രെയിന്‍ യാത്രാ ദുരിതത്തിന് പരിഹാരമാകുന്നു ; കേരളത്തിന് നിരവധി വന്ദേ മെട്രോ ട്രെയിനുകള്‍ അനുവദിക്കാന്‍ റെയില്‍വേ ; കുറഞ്ഞത് അഞ്ച് റൂട്ടുകളിലേക്കെങ്കിലും സർവീസ് അനുവദിക്കുമെന്ന് സൂചന ; ആദ്യ ട്രെയിന്‍ തിരുവനന്തപുരം – എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്നത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ട്രെയിന്‍ യാത്രാ ദുരിതം രൂക്ഷമായ കേരളത്തിലെ യാത്രക്കാരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. 250 കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ റെയില്‍വേ പുറത്തിറക്കിയ നമോ ഭാരത് റാപ്പിഡ് റെയില്‍ അഥവാ വന്ദേ മെട്രോ ട്രെയിനുകള്‍ കേരളത്തിനും അനുവദിക്കാന്‍ റെയില്‍വേ പദ്ധതിയിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റവും കുറഞ്ഞത് അഞ്ച് റൂട്ടുകളിലേക്കെങ്കിലും വന്ദേ മെട്രോ ട്രെയിനുകള്‍ കേരളത്തിന് അനുവദിക്കുമെന്നാണ് സൂചന.
ആദ്യത്തെ ട്രെയിന്‍ തിരുവനന്തപുരം – എറണാകുളം നഗരങ്ങളെ ബന്ധിപ്പിക്കുന്നതാകുമെന്നാണ് സൂചന. എറണാകുളം – കണ്ണൂര്‍, കോഴിക്കോട്- കോയമ്പത്തൂര്‍, കണ്ണൂര്‍- പാലക്കാട്, കൊല്ലം – തിരുനെല്‍വേലി എന്നീ റൂട്ടുകളില്‍ ആദ്യത്തെ ഘട്ടത്തില്‍ തന്നെ ട്രെയിനുകള്‍ അനുവദിക്കാനാണ് സാദ്ധ്യത. തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ഗുരുവായൂരിലേക്കും വന്ദേമെട്രോ സര്‍വീസുകള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊല്ലം -ഗുരുവായൂര്‍, കാസര്‍കോട് – ഗുരുവായൂര്‍ റൂട്ടുകളും പരിഗണനയിലുണ്ട്. ആലപ്പുഴ- കോയമ്പത്തൂര്‍ റൂട്ട് ആണ് പരിഗണിക്കുന്ന മറ്റൊരു റൂട്ട്.കേരളത്തിലെ ടൂറിസം മേഖലയില്‍ കൂടി ഗുണം ലഭിക്കുന്ന തരത്തില്‍ സര്‍വീസുകള്‍ ക്രമീകരിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. 100 മുതല്‍ 250 കിലോമീറ്റര്‍ ദൂരെയുള്ള നഗരങ്ങളെ ബന്ധിപ്പിച്ചാണ് നമോ ഭാരത് ട്രെയിനുകള്‍.
ഈ ശ്രേണിയിലുള്ള ആദ്യ ട്രെയിന്‍ ഗുജറാത്തിലെ ഭുജ്അഹമ്മദാബാദ് റൂട്ടില്‍ സെപ്റ്റംബര്‍ 17ന് ഓടിത്തുടങ്ങി. അടുത്ത വര്‍ഷത്തോടെ കേരളത്തില്‍ വന്ദേ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് സൂചന. അതോടൊപ്പം തന്നെ വന്ദേ മെട്രോ ഓടിത്തുടങ്ങുമ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളിലെ തിരക്ക് കുറയുമെന്നും റെയില്‍വേ കണക്കുകൂട്ടുന്നു.