play-sharp-fill
എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം: പരിഷ്‌കരിച്ച പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം

എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം: പരിഷ്‌കരിച്ച പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം

സ്വന്തം ലേഖിക

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കി സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി.

 

 

ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കമ്മിറ്റിയാണ് പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്ബത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റിഎഴുപത്തിമൂന്ന് ടൈറ്റില്‍ പാഠപുസ്തകങ്ങള്‍ക്ക് അംഗീകാരം ലഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരളത്തിലെ പാഠ്യപദ്ധതിയും അതിന്റെ തുടര്‍ച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാവുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2007 ലാണ് ഇതിനുമുമ്ബ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച്‌ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. 2013 ല്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

 

നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുള്ളത്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേര്‍ത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി

മുൻനിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിര്‍ദ്ദേശം വെച്ച പ്രകാരം പോക്‌സോ (POCSO) നിയമങ്ങള്‍, കൃഷി, ജനാധിപത്യ മൂല്യങ്ങള്‍, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. പാഠപുസ്തകങ്ങളില്‍ കുട്ടികള്‍ വരച്ച ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങള്‍ക്കും പ്രവര്‍ത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതല്‍ കലാ വിദ്യാഭ്യാസം, തൊഴില്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങള്‍ ഉണ്ടാകും. ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രമീകരണം നടപ്പിലാക്കിയത്. പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റല്‍ പതിപ്പും പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

 

അഞ്ച് മുതല്‍ 10 വരെ തൊഴില്‍ വിദ്യാഭ്യാസം നല്‍കും. ടൂറിസം, കൃഷി, ഐ റ്റി, ടെക്‌സ്റ്റൈല്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുന്നതാകും ഇത്. കുട്ടികളില്‍ ചെറുപ്പം മുതലേ തൊഴില്‍ മനോഭാവം വളര്‍ത്താൻ ഇത് ഉപകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പാഠപുസ്തക പരിഷ്‌കരണത്തെ തുടര്‍ന്ന് അധ്യാപകര്‍ക്കുള്ള അധ്യാപക പുസ്തകങ്ങള്‍ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കും. കൂടാതെ രക്ഷാകര്‍ത്താക്കള്‍ക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് രക്ഷാകര്‍ത്താക്കള്‍ക്കുള്ള പുസ്തകങ്ങള്‍ വികസിപ്പിക്കുന്നത്.