റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വന്‍ ഇടിവ് ; കേരളത്തില്‍ വില്‍ക്കാനുള്ള വീടും സ്ഥലവും നിരവധി, വില കുറഞ്ഞിട്ടും വാങ്ങാന്‍ ആളില്ല
സ്വന്തം ലേഖകൻ
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപങ്ങള്‍ ഗണ്യമായി കുറയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് വീടും സ്ഥലവും വില്‍ക്കുകയെന്നത് അത്ര എളുപ്പത്തില്‍ നടക്കുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഗ്രാമ നഗര വ്യത്യാസമില്ലാതെ വീടും സ്ഥലവും വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡുകളും പരസ്യങ്ങളും കാണാമെങ്കിലും വാങ്ങാന്‍ ആളുകള്‍ എത്തുന്നില്ലെന്നതാണ് സ്ഥിതി. ഇത്തരമൊരു അവസ്ഥയിലേക്ക് എത്തിയതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്ത് സ്റ്റാമ്ബ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷന്‍ ഫീസിലും സര്‍ക്കാര്‍ വലിയ വില വര്‍ദ്ധനവ് പ്രാബല്യത്തിലാക്കിയിരുന്നു. ഭീമമായ തുക ചെലവ് വരുമെന്നതിനാല്‍ തന്നെ ഭൂമി ഇടപാട് നടത്തുന്നതില്‍ നിന്ന് ആളുകള്‍ പിന്നോട്ട് പോകുന്നതിന് ഇത് ഒരു പ്രധാന കാരണമായിട്ടുണ്ട്. ഭൂമി ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തിലും സ്റ്റാമ്ബ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനവിന് ശേഷം ഗണ്യമായി കുറവ് വന്നിട്ടുണ്ട്.
സ്ഥലം വാങ്ങി നിക്ഷേപമെന്ന നിലയില്‍ സൂക്ഷിച്ചിരുന്നവര്‍ കൈയില്‍ നിന്ന് ഭീമമായ തുക മുടക്കി രജിസ്‌ട്രേഷന്‍ നടത്താന്‍ മടിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയേയും ഒപ്പം സര്‍ക്കാരിന് ലഭിച്ചിരുന്ന വരുമാനത്തേയും ബാധിച്ചുവെന്ന് സാരം. സംസ്ഥാനത്തെ പൊതുവായുള്ള ഈ സ്ഥിതിക്ക് വിപരീതമായി കാര്യങ്ങള്‍ നടക്കുന്നത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗര മേഖലകളില്‍ മാത്രമാണ്. അതോടൊപ്പം തന്നെ വന്‍കിട പദ്ധതികള്‍ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭൂമിയിലും നിക്ഷേപം നടക്കുന്നുണ്ട്.
ഗ്രാമീണ മേഖലയിലാണ് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വന്‍ ഇടിവ് സംഭവിച്ചിരിക്കുന്നത്. വീടും സ്ഥലവും വില്‍പ്പനയ്ക്കുള്ളത് അനുസരിച്ച് ആളുകള്‍ വാങ്ങാനെത്തുന്നില്ല. അതോടൊപ്പം സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയ വന്‍ കുതിപ്പും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയായി. ഭൂമി വാങ്ങി വലിയ തുക രജിസ്‌ട്രേഷന്‍ ഫീസും നല്‍കി നിക്ഷേപമെന്ന നിലയില്‍ സൂക്ഷിക്കുന്നതിലും ലാഭം സ്വര്‍ണം വാങ്ങുന്നതിലാണെന്ന് തിരിച്ചറിഞ്ഞ് ഈ മേഖലയിലേക്ക് തിരിയുന്നവരുടെ എണ്ണവും കുറവല്ല. ഒരിക്കലും വാങ്ങിയ വിലയേക്കാള്‍ കുറവ് ഉണ്ടാകില്ല വില്‍പ്പന നടത്തുമ്ബോള്‍ എന്നതും സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടി.
അതോടൊപ്പം യുവാക്കള്‍ കൂട്ടത്തോടെ കേരളം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഇടിവിനും നിക്ഷേപകരുടെ താത്പര്യം കുറയുന്നതിനും കാരണമായിട്ടുണ്ട്. അധികം വൈകാതെ തന്നെ കേരളത്തിലെ ചെറു പട്ടണങ്ങളിലും ഗ്രാമീണ മേഖല നേരിടുന്നതിന് സമാനമായ അവസ്ഥ റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഉണ്ടാകാനുള്ള സാദ്ധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ബാങ്കുകള്‍ ഭവന വായ്പയുടെ പലിശ വര്‍ദ്ധിപ്പിച്ചതും ആളുകളുടെ താത്പര്യം കുറയുന്നതിന് പ്രധാന കാരണങ്ങളില്‍ ഒന്നാണ്.