play-sharp-fill
പുതിയ റെയില്‍വേ ലൈൻ ; ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങളിൽ ; കേരളത്തില്‍ നിന്നുള്ള നാല് നഗരങ്ങൾ പരിഗണനാ പട്ടികയില്‍

പുതിയ റെയില്‍വേ ലൈൻ ; ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങളിൽ ; കേരളത്തില്‍ നിന്നുള്ള നാല് നഗരങ്ങൾ പരിഗണനാ പട്ടികയില്‍

സ്വന്തം ലേഖകൻ

മലപ്പുറം: അരലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പി.എം ഗതിശക്തി പദ്ധതിയുടെ പരിഗണന പട്ടികയില്‍ മഞ്ചേരിയും മലപ്പുറവും ഉള്‍പ്പെട്ടതിന്റെ പ്രതീക്ഷയിലാണ് ജില്ല.

നിലവില്‍ രാജ്യത്തെ 55 നഗരങ്ങളിലേക്ക് റെയില്‍പാത നിര്‍മ്മിക്കാനുള്ള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്.പുതിയ റെയില്‍വേ ലൈൻ എത്തിക്കുന്നതിനുള്ള സാദ്ധ്യത അറിയിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശമേകിയിരുന്നു. ഇതുപ്രകാരം മലപ്പുറവും മഞ്ചേരി നഗരങ്ങളെ ഉള്‍പ്പെടുത്തി പട്ടിക കൈമാറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ നിന്നുള്ള നാല് നഗരങ്ങളാണ് പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നിവ. ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങള്‍ നിലവിലുള്ള റെയില്‍വേ ലൈനില്‍ നിന്നോ സ്റ്റേഷനില്‍ നിന്നോ അഞ്ച് കിലോമീറ്ററിലധികം ദൂരത്താണെങ്കില്‍ പരിഗണിക്കാം എന്നതാണ് പുതിയ റെയില്‍വേ ലൈനുകളുടെ കാര്യത്തില്‍ കേന്ദ്ര നയം.

റെയില്‍വേ ബോര്‍ഡിന്റെ കണക്കനുസരിച്ച്‌ മലപ്പുറം 1,01,386, മഞ്ചേരി 97,102 ജനസംഖ്യയാണുള്ളത്. നിലവില്‍ രണ്ട് റെയില്‍പാതകളാണ് മലപ്പുറം ജില്ലയിലൂടെ കടന്നുപോവുന്നത്. വിവിധ ജില്ലകളിലൂടെ കടന്നുപോവുന്ന പ്രധാന റെയില്‍പാതയും (തിരുവനന്തപുരം – കാസര്‍കോട്), ഷൊര്‍ണ്ണൂര്‍ – നിലമ്ബൂര്‍ പാതയുമാണിത്. സര്‍വേ നടത്തി നിറുത്തിവച്ച നിര്‍ദിഷ്ട നിലമ്ബൂര്‍ – ഫറോക്ക് പാത പ്രാവര്‍ത്തികമാക്കിയാല്‍ മഞ്ചേരിയിലേക്കും മലപ്പുറത്തേക്കും റെയില്‍ സൗകര്യം ലഭ്യമാകും.

തിരുവനന്തപുരം – കാസര്‍കോട് റെയില്‍പാതയില്‍ തിരൂര്‍ സ്റ്റേഷനാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളോട് അടുത്തുള്ളത്. തിരൂരില്‍ നിന്ന് മലപ്പുറത്തേക്ക് റോഡ് മാര്‍ഗം 28 കിലോമീറ്ററും മഞ്ചേരിയിലേക്ക് 44 കിലോമീറ്ററുമുണ്ട്. ഒരേദിശയിലുള്ള റൂട്ടാണിത്. ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ കോട്ടയ്ക്കല്‍ ഈ റൂട്ടിലാണ്.

നിലമ്ബൂര്‍ – ഷൊര്‍ണ്ണൂര്‍ റെയില്‍പാതയില്‍ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനാണ് മലപ്പുറം, മഞ്ചേരി നഗരങ്ങളോട് അടുത്തുള്ളത്. ഈ റൂട്ടിലെ പ്രധാന സ്റ്റേഷൻ കൂടിയാണ് പെരിന്തല്‍മണ്ണ നഗരത്തോട് ചേര്‍ന്നുള്ള അങ്ങാടിപ്പുറം. ഇവിടെ നിന്ന് മലപ്പുറത്തേക്ക് 20 കിലോമീറ്ററും മഞ്ചേരിയിലേക്ക് 22 കിലോമീറ്ററുമുണ്ട്. രണ്ടും വിപരീത ദിശയിലുള്ള റൂട്ടുകളാണ്. പ്രധാന റെയില്‍പാതയെ ബന്ധിപ്പിക്കുംവിധം പുതിയ പാത തുടങ്ങുന്നതാവും ട്രെയിൻ യാത്രക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാവുക.