ഗൺ കണ്ടിട്ടുണ്ടോ ഗൺ….? എ.കെ. 47 ഗൺ…! റൈഫിളുകളും ഫോറൻസിക് സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി എന്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസ് വകുപ്പിന്റെ സ്റ്റാൾ; വൻ തിരക്ക്
സ്വന്തം ലേഖിക
കോട്ടയം: റൈഫിളുകളും ഫോറൻസിക് സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തി മേളയിലെ പോലീസ് വകുപ്പിന്റെ സ്റ്റാൾ.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ജില്ലാ പോലീസ് സ്റ്റാളിലാണ് തോക്കുകളും, ഗ്രനേഡുകളും, ഫോറൻസിക് ഉപകരണങ്ങളുമടക്കം പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റിവോൾവർ, പിസ്റ്റൾ തുടങ്ങി റഷ്യൻ നിർമ്മിത എ. കെ. 47 അടക്കമുള്ള അത്യാധുനീക റൈഫിളുകളുമാണ് പോലീസ് സ്റ്റാളിലെ താരങ്ങൾ. അതോടൊപ്പം തോക്കുകളിൽ ഉപയോഗിക്കുന്ന വിവിധ വലുപ്പത്തിലുള്ള ബുള്ളറ്റുകളും ഇവിടെ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.
പോലീസുദ്യോഗസ്ഥർ പരസ്പരം ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള വയർലെസ് ഫോണുകൾ, അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പോലീസ് ഉപയോഗിക്കുന്ന വിവിധ ഗ്രനേഡുകളുമെല്ലാം മേളയിലെ പ്രത്യേക ആകർഷണങ്ങളാണ്.
ഫോറൻസിക് വിദ്യകൾ പരിചയപ്പെടുത്തുന്ന വിവിധ ക്രൈം ലൈറ്റുകൾ, കെമിക്കൽ പൗഡറുകൾ, രക്ത സാമ്പിളുകൾ കണ്ടെത്താൻ ഉപയോഗിക്കുന്ന ഫിൽറ്റർ പേപ്പർ, പ്രൊട്ടക്ഷൻ ഗ്ലാസുകൾ, കെമിക്കൽ ലായനികൾ, വിരലടയാളങ്ങൾ ശേഖരിക്കുന്ന ഉപകരണങ്ങൾ അടങ്ങിയ ടൂൾ ബോക്‌സുകളും എല്ലാം സ്റ്റാളിൽ സജീവമാണ്. മേളയിൽ എത്തുന്നവർക്ക് ഫോറൻസിക് വിദ്യകൾ സാമ്പിളുകൾ ഉപയോഗിച്ച് വിശദീകരിച്ച് നൽകുന്ന ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും പോലീസ് സ്റ്റാളിലെ മുഖ്യ സവിശേഷത.
സിനിമകളിലൂടെയും വീഡിയോ ഗെയിമിലൂടെയും മാത്രം കണ്ടു പരിചയമുള്ള ആയുധങ്ങളും പോലീസ് സാങ്കേതിക വിദ്യകളും എല്ലാം നേരിട്ട് കണ്ടും, ചോദിച്ചറിഞ്ഞുമെല്ലാം മനസിലാക്കാൻ അവസരം കിട്ടിയതിന്റെ ആവേശത്തിലാണ് മേളയിലെ ജില്ലാ പോലീസ് പവലിയനിൽ എത്തുന്ന സന്ദർശകർ.