
കറുകച്ചാൽ: വെറുമൊരു സാധാരണക്കാരനായ ബാബു ക്കുട്ടൻ 47 വയസിനിടയ്ക്ക് അൻപതോളം ആളുകൾക്ക് തന്റെ രക്തം നൽകി. ഇതിൽ പലരും ജീവിതത്തിലേക്ക് തിരിച്ചു കയറി. മരിച്ചെന്നു കരുതിയ പലരും ഇന്നും ജീവിക്കുന്നു.
കറുകച്ചാൽ കരീത്രകാവിൽ വീട്ടിൽ ബാബുക്കുട്ടൻ കറുകച്ചാൽ ബസ് സ്റ്റാന്റിലെ ടൈം കീപ്പിംഗ് വിഭാഗത്തിലെ അനൗൺസറാണ്. കൂടുതൽ തവണ രക്തം നൽകിയതിന് ഇന്നലെ കോട്ടയം മെഡിക്കൽ കോളജിലെ രക്തബാങ്കിൽ വച്ച് ബാബുക്കുട്ടനെ അവിടത്തെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ആദരിച്ചു. പ്രശംസാപത്രവും നൽകി.
2003-ൽ അസുഖ ബാധിതനായി കോട്ടയം മെഡിക്കൽ കോളജിൽ കുറെ ദിവസം കിടക്കേണ്ടി വന്നിരുന്നു. അന്ന് പലരും രക്തത്തിനു വേണ്ടി ഓടുന്ന കാഴ്ച കണ്ടു. രക്തം കിട്ടാതെ മരണത്തിന് കീഴടങ്ങുന്ന രോഗികളെയും അവരുടെ ബന്ധുക്കളുടെ വിലാപങ്ങളും കൺമുന്നിൽ ഇപ്പോഴും മായാതെ കിടക്കുന്നു. അന്നു തുടങ്ങിയതാണ് രക്തദാനമെന്ന് ബാബുക്കുട്ടൻ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
100 പേരടങ്ങുന്ന രക്തദാതാക്കളുടെ ഗ്രൂപ്പിലെ അംഗമാണ് ബാബുക്കുട്ടൻ.എ പോസിറ്റിവ് ആണ് ഗ്രൂപ്പ്. ജോലിക്കിടയിൽ പോലും തന്റെ സ്കൂട്ടറിൽ പെട്രോളടിച്ച് എത്ര ദൂരെയായാലും രക്തം നൽകാൻ പോകും. ആരോടും ഒന്നും വാങ്ങില്ല. ചിലർ ഭക്ഷണം വാങ്ങി കൊടുക്കും.
തന്റെ രക്തം കയറ്റി ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ ചിലർ ഇപ്പോഴും സൗഹൃദം പങ്കിടാൻ വിളിക്കാറുണ്ട്.
മൂന്നു മാസത്തിൽ ഒരിക്കൽ മെഡിക്കൽ കോളജിലെത്തി രക്തം കൊടുക്കും.
ഇപ്പോഴും മുടക്കില്ല. ഇന്നലെ പതിവു പോലെ രക്തം കൊടുക്കാൻ ചെന്നപ്പോഴാണ് ആദരവ് ലഭിച്ചത്. കണക്കൊന്നും എഴുതി വയ്ക്കാത്തതിനാൽ എത്രപേർക്ക് രക്തം നൽകിയെന്നതിന് കൃത്യതയില്ല .
എന്നാലും അൻപതോളം പേർക്ക് നൽകിയിട്ടുണ്ട്. കോട്ടയത്തിന് പുറമെ മറ്റു ജില്ലകളിലും രക്തം നൽകാൻ പോയിട്ടുണ്ട്. ഇപ്പോൾ സൗത്ത് പാമ്പാടിയിലെ കുറ്റിക്കലാണ് താമസം.സന്ധ്യയാണ് ഭാര്യ. മക്കൾ: വിദ്യാർത്ഥികളായ സെയ്ത്ത് . കൃപ.എ പോസിറ്റീവ് രക്തം ആവശ്യമുള്ളവർ ബാബു ക്കുട്ടനെ വിളിക്കാം. നമ്പർ: 944666 4708.