കർക്കടക വാവുബലിക്ക് പാലാ ഇടപ്പാടിയില്‍ പതിനായിരങ്ങളെത്തും: വിപുലമായ ക്രമീകരണങ്ങൾ: 24ന് പുലർച്ചെ 5 മുതല്‍ വാവുബലി ആരംഭിക്കും.

Spread the love

പാലാ: കർക്കടക വാവുബലിക്ക് ഇടപ്പാടിയില്‍ പതിനായിരങ്ങളെത്തും. 24ന് പുലർച്ചെ 5 മുതല്‍ വാവുബലി ആരംഭിക്കും.
ശ്രീനാരായണ ഗുരുദേവ തൃക്കരങ്ങളാല്‍ വേല്‍പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രത്തില്‍ നടത്തുന്ന പിതൃകർമ്മങ്ങള്‍ ഏറെ ശ്രേഷ്ഠമാണെന്ന് ഭക്തർ കരുതുന്നു.

നിത്യേന ബലിതർപ്പണവും നമസ്‌ക്കാരവും, നടക്കുന്ന ക്ഷേത്രത്തില്‍ എല്ലാമാസത്തിലെയും അമാവാസി ദിനം വിശേഷമായി ആചരിക്കുന്നു. അന്നേ ദിവസം വിധിപ്രകാരം ബലിച്ചോർ തയ്യാർ ചെയ്താണ് ഇവിടെ ബലിതർപ്പണം ചെയ്യുന്നത്.

കർക്കടകം, തുലാം, കുംഭം മാസങ്ങളിലെ അമാവാസി ദിനത്തില്‍ ആയിരങ്ങളാണ് ബലിതർപ്പണത്തിനായി ഇവിടെ എത്തിച്ചേരുന്നത്.
മേല്‍ശാന്തി സനീഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകള്‍. കർക്കടക വാവിനോടനുബന്ധിച്ച്‌ പിതൃസായൂജ്യപൂജ, തിലഹവനം, പിതൃനമസ്‌ക്കാരം, വിഷ്ണുപൂജ എന്നിവ നടത്തുന്നതിനുള്ള വിപുലമായ സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരേ സമയം ആയിരം പേർക്ക് നിന്ന് ബലിയിടാനുള്ള വിശാലമായ പന്തല്‍ ക്ഷേത്ര മൈതാനത്ത് തയാറാക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ഷാജി മുകളേല്‍, സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേല്‍, വൈസ് പ്രസിഡന്റ് സതീഷ് മണി വടക്കേതോട്ടത്തില്‍ എന്നിവർ അറിയിച്ചു.

ഏഴാച്ചേരി എസ്.എൻ.ഡി.പി ശാഖാ ഗുരുമന്ദിരത്തില്‍ ഇത്തവണ വിപുലമായ രീതിയില്‍ പിതൃതർപ്പണ ചടങ്ങുകള്‍ നടത്തുമെന്ന് ശാഖാ നേതാക്കളായ പി.ആർ. പ്രകാശ്, കെ.ആർ. ദിവാകരൻ, രാമകൃഷ്ണൻ തയ്യില്‍ എന്നിവർ അറിയിച്ചു. പുലർച്ചെ 5 മുതല്‍ വിപിൻദാസ് ശാന്തികളുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകള്‍.