video
play-sharp-fill
കാരായി രാജനേയും ചന്ദ്രശേഖരനേയും കൊച്ചിയിൽ തളച്ചിട്ടിരിക്കുന്നത്‌ മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമാണ്‌ :സംസ്‌കാരിക പ്രവര്‍ത്തകര്‍

കാരായി രാജനേയും ചന്ദ്രശേഖരനേയും കൊച്ചിയിൽ തളച്ചിട്ടിരിക്കുന്നത്‌ മനുഷ്യാവകാശ ലംഘനവും നീതി നിഷേധവുമാണ്‌ :സംസ്‌കാരിക പ്രവര്‍ത്തകര്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം : തലശ്ശേരിയിലെ രണ്ട് പൊതുപ്രവർത്തകർ ഏഴര വർഷത്തിലധികമായി ഒരു കേസിൽപ്പെട്ട് നാടുകടത്തിയ നിലയിൽ ജീവിക്കേണ്ടിവരുന്നത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത മനുഷ്യത്വരാഹിത്യമാണെന്ന് പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പറഞ്ഞു. കാരായി രാജനും ചന്ദ്രശേഖരനും ഇനിയും നീതി നിഷേധിക്കരുതെന്നും അവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

കേസിലെ യഥാർത്ഥ പ്രതികൾ, മറ്റൊരു കേസിന്റെ അന്വേഷണത്തിനിടയിൽ കുറ്റം സമ്മതിച്ച വാർത്തകൾ പുറത്തുവന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥർ അത് സംബന്ധിച്ച് സി ബി ഐ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടും പുനരന്വേഷണം പോലും നടത്താതെ, സ്വന്തം നാട്ടിൽ കാലുകുത്താൻ അനുവദിക്കാതെ ഇവരെ എറണാകുളം ജില്ലയിൽ തളച്ചിട്ടിരിക്കയാണ്. ഇത് നീതി നിഷേധവും മനുഷ്യാവകാശ ലംഘനവുമാണ്. യഥാർത്ഥ പ്രതികളാരെന്നറിഞ്ഞിട്ടും രണ്ടു മനുഷ്യരോട് കാട്ടുന്ന അനീതി പൗരസമൂഹത്തിനുതന്നെ അപമാനകരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തം കുടുംബത്തിൽ പോകാൻ അനുവാദമില്ലാതെ, മക്കളുടെ വിവാഹത്തിൽ ഒരു അതിഥിയെപ്പോലെ പങ്കെടുക്കേണ്ടിവരുന്ന ദുരവസ്ഥ അത്യന്തം വിഷമകരമാണ്. നാടുകടത്തപ്പെട്ട കാരായി രാജനും ചന്ദ്രശേഖരനും എങ്ങനെ ജീവിക്കുന്നു, അവരെ ആര് സംരക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ബാധ്യത ഉത്തരവാദപ്പെട്ടവർക്ക് ഉണ്ട്.

തെറ്റായി പ്രതിചേർക്കപ്പെട്ട സംഭവങ്ങൾ ഇതിനുമുൻപും രാജ്യത്തുണ്ടായിട്ടുണ്ട്. തൃശൂർ ജില്ലയിലെ തൊഴിയൂരിൽ നടന്ന കൊലപാതക കേസിൽ ഇരുപത്തിയഞ്ച് വർഷത്തിനുശേഷമാണ് ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് ബോധ്യപ്പെട്ടത്. ആ കേസിന്റെ പുനരന്വേഷണത്തിലാണ് നിരപരാധികൾക്ക് നീതി ലഭിച്ചത്.

തലശ്ശേരിയിലെ ഫസൽ കേസിലും തുടരേണ്ടത് ഈ നിയമവ്യവസ്ഥ തന്നെയായിരിക്കണമെന്നതിൽ തർക്കമില്ല. നമ്മുടെ പൗരബോധത്തിനും ജനാധിപത്യ സങ്കൽപത്തിനുമെല്ലാമപ്പുറമുളള നടപടിക്രമങ്ങൾ അടിച്ചേൽപ്പിച്ചത് കൊണ്ടാണ് ഈ രണ്ടു വ്യക്തികൾക്കും നീതി നിഷേധിക്കപ്പെടുന്നത്.

നാളെ ഇതേ അവസ്ഥ ആർക്കും വരാം, ആരെയും പ്രതിയാക്കി ഇതുപോലെ നാടുകടത്തുകയും പീഡിപ്പിക്കുകയും ചെയ്യാം. ഇതിനെ ചോദ്യം ചെയ്യേണ്ടത് നാട്ടിൽ നീതിന്യായ വ്യവസ്ഥയും ജനാധിപത്യവും പുലരണമെന്നാഗ്രഹിക്കുന്നവരുടെ മുഴുവൻ കടമയായി കരുതുന്നു. ഇത് പൗരാവകാശത്തിന്റെയും നീതി നിഷേധത്തിന്റെയും പ്രശ്നം കൂടിയാണ്.

കാരായി രാജനും ചന്ദ്രശേഖരനും പ്രതിചേർക്കപ്പെട്ട കേസിൽ അവർ നുണ പരിശോധനയ്ക്ക് തയ്യാറാണെന്ന് ആരംഭഘട്ടത്തിൽ തന്നെ എഴുതിക്കൊടുത്തിട്ടുണ്ട്. കേസിൽ സത്യസന്ധവും നീതിപൂർവ്വവുമായ പുനരന്വേഷണം നടത്തണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ സജീവസാന്നിദ്ധ്യവുമായ പൊതുപ്രവർത്തകരെ ഏഴരവർഷത്തോളമായി നാട്ടിൽ നിന്നും പറിച്ചെറിഞ്ഞതിൽ യാതൊരു യുക്തിയും ഈ ആധുനിക സമൂഹത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഇക്കാര്യത്തിൽ നീതിപീഠം ഇടപെടണം. യുക്തമായ നടപടി ഉറപ്പ് വരുത്തണം. ഇനിയും മനുഷ്യാവകാശലംഘനം ഉണ്ടാവരുതെന്നും നീതി പ്രകാശിപ്പിക്കപ്പെടണമെന്നും സാംസ്‌കാരിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഡോ. കെ എൻ പണിക്കർ, വൈശാഖൻ, ഷാജി എൻ കരുൺ, കമൽ, കെ ഇ എൻ, അശോകൻ ചരുവിൽ, ടി ഡി രാമകൃഷ്ണൻ, ഖദീജ മുംതാസ്, കെ പി മോഹനൻ, വി കെ ജോസഫ്, മ്യൂസ് മേരി, ഇ പി രാജഗോപാലൻ, എം എം നാരായണൻ, ഡോ. പി കെ പോക്കർ, കരിവെള്ളൂർ മുരളി, ജി പി രാമചന്ദ്രൻ, മുരളി നാഗപ്പുഴ, എം കെ മനോഹരൻ, ജിനേഷ് കുമാർ എരമം, വിനോദ് വൈശാഖി എന്നിവരാണ് സംയുക്ത പ്രസ്താവനയിലൂടെ നീതി നിഷേധത്തിനെതിരെ പ്രതികരിച്ചത്.