ഗവർണറുടെ ആവശ്യം തള്ളി കണ്ണൂർ വി.സി; കോടതി പറഞ്ഞാല്‍ രാജിവയ്ക്കാം; പുറത്താക്കുന്നുവെങ്കിൽ പുറത്താക്കട്ടെ; ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഗോപിനാഥ്
കണ്ണൂര്‍: രാജി വയ്ക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യത്തെ തള്ളി കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്‍. താന്‍ രാജിവയ്ക്കില്ലെന്നും ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ പിരിച്ചുവിടാമെന്ന് ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.
കോടതി പറഞ്ഞാല്‍ രാജിവയ്ക്കാം. രാജി കൊടുത്തില്ലെങ്കില്‍ എന്താണ് നടപടി സ്വീകരിക്കുകയെന്ന് നോക്കട്ടെ. ഗവര്‍ണര്‍ക്ക് വിസിമാരെ പുറത്താക്കാം. പക്ഷെ അതിന് മാനദണ്ഡങ്ങളുണ്ട്. ഗവര്‍ണറുടെ നടപടി സര്‍വകലാശാലകളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു
തന്റെ വിസി നിയമനവുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതിയിലുണ്ട്. കേസ് നടക്കുമ്പോള്‍ ഇത്തരമൊരു നടപടിയിലേക്ക് പോകാമോയെന്ന് അറിയില്ല. ടെര്‍മിനേഷന്‍ ഓര്‍ഡര്‍ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മറ്റുവിസിമാരുടെ തീരുമാനം എന്താണെന്ന് അറിയില്ല. ഇത് തന്റെ തീരുമാനമാണ്. ഇത് രാജ്യത്തെ അസാധാരണ നടപടിയാണെന്നും കണ്ണൂര്‍ വിസി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ രാവിലെ പതിനൊന്നരയ്ക്ക് മുന്‍പായി സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍ദേശിച്ചിരുന്നു. സര്‍ക്കാരുമായുള്ള പോര് രൂക്ഷമായി തുടരവെയാണ് ഗവര്‍ണറുടെ അസാധാരണ നടപടി. നാളെത്തന്നെ 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്നാണ് ഗവര്‍ണറുടെ ഉത്തരവ്.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല,കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.