play-sharp-fill
കഞ്ചിക്കോട് ദേശീയപാതയിൽ  ചരക്കുലോറി സ്കൂട്ടറിൽ ഇടിച്ചു; റോഡിലേക്ക്‌ തെറിച്ചുവീണ ബൈക്ക് യാത്രക്കാരുടെ  ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി; ഇരട്ടസഹോദരങ്ങൾക്ക് ദാരുണാന്ത്യം

കഞ്ചിക്കോട് ദേശീയപാതയിൽ ചരക്കുലോറി സ്കൂട്ടറിൽ ഇടിച്ചു; റോഡിലേക്ക്‌ തെറിച്ചുവീണ ബൈക്ക് യാത്രക്കാരുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി; ഇരട്ടസഹോദരങ്ങൾക്ക് ദാരുണാന്ത്യം

സ്വന്തം ലേഖിക

കഞ്ചിക്കോട്: ദേശീയപാത ചടയൻകാലായിൽ ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് റോഡിലേക്കു തെറിച്ചുവീണ ഇരട്ടസഹോദരങ്ങളുടെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ലോറി കയറിയിറങ്ങി ഇരുവരും തൽക്ഷണം മരിച്ചു.


എറണാകുളം ചോറ്റാനിക്കര തിരുവാങ്കുളം വടവുകോട് കൈമണ്ണിൽ വീട്ടിൽ ജോണിന്റെ മക്കളായ ദീപക് മാത്യു ജോൺ (35), ദീപു ജോൺ ജോൺ (35) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കഞ്ചിക്കോട് ഐടിഐക്കു മുന്നിലായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും സോളർ പ്ലാന്റ് സ്ഥാപിക്കുന്ന എൻജിനീയർമാരാണ്. ജോലി ആവശ്യത്തിന് കോയമ്പത്തൂരിലെത്തിയ ഇവർ വീട്ടിലേക്കു മടങ്ങുകയായിരുന്നെന്നാണു പൊലീസ് നൽകുന്ന വിവരം.

സ്കൂട്ടർ ദേശീയപാതയിലെ ഫാസ്റ്റ് ട്രാക്കിലേക്കു കയറുന്നതിനിടെ ലോറി ഇടിച്ച് ഇരുവരും റോഡിലേക്കു തെറിച്ചു വീണു. പിന്നാലെയെത്തിയ മറ്റൊരു ലോറിക്കടിയിൽ പെടുകയായിരുന്നെന്നു കസബ പൊലീസ് പറഞ്ഞു.

തിരുച്ചിറപ്പള്ളിയിലെ അരിയല്ലൂരിൽ നിന്നു കൊച്ചിയിലേക്കു സിമന്റ് മിശ്രിതവുമായി പോയ ലോറിയാണ് ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. അതേസമയം, ആദ്യം സ്കൂട്ടറിൽ ഇടിച്ച ലോറി കണ്ടെത്താനായിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
അപകടത്തെത്തുടർന്നു ദേശീയപാതയിൽ അര മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസും ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള കസബ പൊലീസും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.മധുവിന്റെ നേതൃത്വത്തിലുള്ള കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ദീപക് മാത്യുവിന്റെ ഭാര്യ ജിൻസി. മകൻ: ആരോൺ