play-sharp-fill
കലാഭവന്‍ മണിയുടെ വിയോഗത്തിന് ആറാണ്ട്; എങ്ങുമെത്താതെ സ്മാരക നിര്‍മാണം; സംസ്ഥാന ബജറ്റില്‍ മൂന്നു കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഭൂമി ലഭിക്കാത്തതിനാല്‍ പ്രാരംഭ നടപടി ആരംഭിച്ചിട്ടില്ല

കലാഭവന്‍ മണിയുടെ വിയോഗത്തിന് ആറാണ്ട്; എങ്ങുമെത്താതെ സ്മാരക നിര്‍മാണം; സംസ്ഥാന ബജറ്റില്‍ മൂന്നു കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഭൂമി ലഭിക്കാത്തതിനാല്‍ പ്രാരംഭ നടപടി ആരംഭിച്ചിട്ടില്ല

സ്വന്തം ലേഖകൻ
ചാലക്കുടി: മരിച്ച്‌ ആറു വര്‍ഷം കഴിഞ്ഞിട്ടും ചാലക്കുടിയില്‍ കലാഭവന്‍ മണിയുടെ സ്മാരകം നിര്‍മിക്കാനുള്ള നടപടി നീളുന്നു.

എല്ലാ വര്‍ഷവും സംസ്ഥാന ബജറ്റില്‍ ഇതിനായി തുക വകയിരുത്താറുണ്ട്. മൂന്നു കോടിയോളം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ ഭൂമി ലഭിക്കാത്തതിനാല്‍ പ്രാരംഭ നടപടി ആരംഭിച്ചിട്ടില്ല. ചാലക്കുടി നഗരസഭ പുതുതായി നിര്‍മിച്ച പാര്‍ക്കിന് മണിയുടെ പേര് നല്‍കിയിട്ടുണ്ടെങ്കിലും മണിക്ക് സ്വന്തമായി ഒരു സ്മാരകം വേണമെന്ന ആവശ്യം ശക്തമാണ്.

ധാരാളം സന്ദര്‍ശകര്‍ വരുന്ന മണിയുടെ പ്രിയപ്പെട്ട പാഡിയില്‍ ഇതിനുവേണ്ടി സ്ഥലം കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും കുടുംബം സ്ഥലം വിട്ടുകൊടുത്തില്ല. ഇതേതുടര്‍ന്ന് മുന്‍ എം.എല്‍.എ ബി.ഡി. ദേവസിയുടെ പരിശ്രമഫലമായി ചാലക്കുടി നഗര ഹൃദയത്തില്‍ ഇതിനായി ഭൂമി കണ്ടെത്തിയിരുന്നു. ദേശീയ പാതയോരത്ത് ചാലക്കുടി സബ് ട്രഷറിയുടെ എതിര്‍വശത്ത് പഴയ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള 20 സെന്‍റോളം സ്ഥലമാണ് കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാഭവന്‍ മണിയുടെ പേരില്‍ ഒരു തിയറ്റര്‍ സമുച്ചയവും ഫോക്ലോര്‍ അക്കാദമി ഉപകേന്ദ്രവുമാണ് മണി സ്മാരകമായി ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. ഏതാനും മാസങ്ങള്‍ക്കു മുമ്ബ് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ സ്ഥലം സന്ദര്‍ശിക്കുകയും നല്ല രീതിയിലുള്ള സ്മാരകം നിര്‍മിക്കാന്‍ ഇതോട് ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന 15 സെന്‍റ് സ്ഥലംകൂടി നല്‍കണമെന്ന് നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, നഗരസഭ ഇതിനോട് യോജിച്ചില്ല. അതോടെ സ്മാരക നിര്‍മാണ പദ്ധതി താല്‍ക്കാലികമായി നിലക്കുകയായിരുന്നു.

സ്മാരകത്തിന് സ്ഥലം വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക വകുപ്പോ, ഫോക്ലോര്‍ അക്കാദമിയോ രേഖാമൂലം അപേക്ഷ നല്‍കാത്തതിനാലാണ് സ്ഥലം നല്‍കാത്തതെന്ന് നഗരസഭ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ പറഞ്ഞു.

അതേസമയം, നഗരസഭ പ്രമേയം പാസാക്കി സ്ഥലം വിട്ടുകൊടുക്കുകയാണ് വേണ്ടതെന്ന് അഭിപ്രായമുണ്ട്. ഇതിനായി കലാഭവന്‍ മണി സ്മാരക ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഏതാനും രാഷ്ട്രീയക്കാര്‍ കടന്നുകയറി പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത നിലയിലാണ്. മണിയുടെ സഹോദരന്‍ എന്ന നിലയില്‍ തനിക്കും ചാലക്കുടിയിലെ മറ്റു പല കലാകാരന്മാര്‍ക്കും ട്രസ്റ്റില്‍ അംഗത്വം നല്‍കിയിട്ടില്ലെന്ന് സഹോദരനായ ആര്‍.എല്‍.വി. രാമകൃഷ്ണനും പറയുന്നു.