ജനക്കൂട്ടം നിയന്ത്രണാതീതം; കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു; വിമാനത്താവളത്തിൻറെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കൻ സൈന്യം
സ്വന്തം ലേഖകൻ
കാബൂൾ: കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നു. ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ അടച്ച വിമാനത്താവളം ചൊവ്വാഴ്ച പുലർച്ചയോടയാണ് തുറന്നത്.
വിമാനത്താവളത്തിൻറെ നിയന്ത്രണം ഏറ്റെടുത്തതായി അമേരിക്കൻ സൈനിക ജനറൽ ഹാങ്ക് ടെയ്ലർ അറിയിച്ചു. സൈനികരുമായി സി-17 വിമാനം കാബൂൾ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ ഇറങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സൈനികരുമായുള്ള രണ്ടാമത്തെ വിമാനം ഉടൻ തന്നെ ഇവിടേയ്ക്ക് എത്തുമെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിൻറെ സുരക്ഷയ്ക്കായാണ് സൈന്യത്തെ എത്തിക്കുന്നത്.
തിങ്കളാഴ്ച ജനങ്ങൾ തള്ളിക്കയറിയതോടെയാണ് വിമാനത്താവളം അമേരിക്ക അടച്ചത്. അഫ്ഗാനിസ്ഥാനിൽ താലിബാൻറെ നിയന്ത്രണത്തിലല്ലാത്ത ഏക പ്രദേശമാണ് കാബൂൾ വിമാനത്താവളം.
അമേരിക്കൻ സൈന്യത്തിൻറെ നിയന്ത്രണത്തിലുള്ള ഈ വിമാനത്താവളം അഫ്ഗാനിസ്ഥാനിൽനിന്നു പുറത്തേക്കുള്ള ഏക മാർഗമാണ്. വിമാനത്താവളത്തിനു പുറത്ത് പ്രവേശനം കാത്ത് പതിനായിരങ്ങളാണു നിൽക്കുന്നത്.
അഫ്ഗാനിസ്ഥാൻ താലിബാൻ ഭീകരർ പിടിച്ചടക്കിയതോടെ രാജ്യത്തുനിന്നും പുറത്തുകടക്കാൻ ജനങ്ങൾ വഴി തേടുകയായിരുന്നു. തിങ്കളാഴ്ച കാബൂൾ വിമാ നത്താവളത്തിൽ ആയിരങ്ങളാണു രാജ്യം വിടാൻ എത്തിയത്.
ബസുകളിൽ കയറുന്നതുപോലെയായിരുന്നു റൺവേയിൽ കിടന്ന വിമാനങ്ങളിൽ കയറിപ്പറ്റാൻ ജനം തിരക്കുകൂട്ടിയത്. ഇതിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നിരവധി പേർ റൺവേയിലൂടെ പരക്കംപായുന്നുണ്ടായിരുന്നു.
യുഎസ് വിമാനത്തിൻറെ ചിറകിൽ പിടിച്ചുകിടന്നു രക്ഷപ്പെടാൻ ശ്രമിച്ച മൂന്നു പേർ വിമാനം പറന്നുയർന്നതോടെ താഴേക്കു വീണു മരിക്കുന്നതിൻറെ ദാരുണ ദൃശ്യവും പുറത്തുവന്നു. കാബൂളിലെ ജനവാസ മേഖലയിലെ വീടിനു മുകളിലാണ് ഇവർ വീണത്.
കാബൂളിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനക്കൂട്ടം നിയന്ത്രണാതീതമായതോടെ യുഎസ് സൈനികർ ആകാശത്തേക്കു വെടിയുതിർത്തു. വിമാനത്താവളത്തിലെ തിക്കിലും തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചതായി യുഎസ് സൈനികവൃത്തങ്ങൾ അറിയിച്ചു.
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യൻ ഉദ്യോഗസ്ഥരെയും നയതന്ത്ര പ്രതിനിധികളെയും തിരിച്ചെത്തിക്കാൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം ഇന്നലെ വൈകുന്നേരം കാബൂളിലെത്തി.
നയതന്ത്ര പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരുമടക്കം അഞ്ഞൂറോളം ഇന്ത്യക്കാരാണ് അഫ്ഗാനിലുള്ളത്.
രാത്രിയോടെ കാബൂളിൽനിന്നു വ്യോമസേനാ വിമാനം ഇന്ത്യയിലേക്കു തിരിച്ചു. രണ്ടു ദിവസത്തിനകം തങ്ങളുടെ ആയിരത്തിയഞ്ഞൂറിലധികം പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. അഫ്ഗാനിൽനിന്നുള്ള ആദ്യ വിമാനം ഇന്നലെ യുകെയിലെത്തി.