കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്; നല്‍കിയിരിക്കുന്നത് ദൈനംദിന, ഭരണപരമായ കാര്യങ്ങള്‍ എന്നിവയുടെ ചുമതലകൾ
സ്വന്തം ലേഖിക
തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടറുടെ താല്ക്കാലിക ചുമതല ഷിബു അബ്രഹാമിന്.
ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് ഫിനാന്‍സ് ഓഫീസര്‍ ഷിബു അബ്രഹാമിന് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദൈനംദിന, ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാണ് താല്ക്കാലിക ചുമതല നല്‍കിയിരിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജാതി വിവേചനമടക്കം ഗുരുതര ആരോപണങ്ങള്‍ നേരിട്ടിട്ടും അധികാരം ഒഴിയാതെ കടിച്ച് തൂങ്ങിയ ഡയറക്ടര്‍ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെയാണ് ഒടുവില്‍ രാജിവച്ചത്. 48 ദിവസമായി കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ പരാതി ശരിവച്ചുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ നിയോഗിച്ച രണ്ടാമത്തെ സമിതിയും നല്‍കിയതെന്ന് മനസിലാക്കിയാണ് സ്വയം ഒഴിയാന്‍ ശങ്കര്‍ മോഹന്‍ നിര്‍ബന്ധിതനായത്.
എന്നാല്‍ രാജി പ്രഖ്യാപിച്ച ശേഷവും സ്വയം ന്യായീകരിക്കുകയായിരുന്നു ശങ്കര്‍ മോഹന്‍. രാജിവെച്ചെങ്കിലും രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നാണ് ശങ്കര്‍ മോഹന്‍ പറയുന്നത്.
സര്‍ക്കാര്‍ തലത്തില്‍ ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ല. കാലാവധി തീര്‍ന്നതാണ് രാജിക്ക് കാരണമെന്നും ശങ്കര്‍ മോഹന്‍ പറഞ്ഞു.
ശങ്കര്‍ മോഹന് പിന്നാലെ സ്ഥാപനത്തിന്‍റെ ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനും രാജിവെക്കുെമെന്നാണ് സൂചന. എന്നാല്‍ അടൂരിനെ അനുനയിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ദളിത് ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാര്‍ഥി പ്രവേശനം നടത്തിയെന്നുമടക്കം പരാതി വന്നിട്ടും ശങ്കര്‍ മോഹനെ സംരക്ഷിച്ചത് അടുരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.