യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം കടലാസ് കൊട്ടാരം പോലെ പൊളിഞ്ഞുവീണു; ജോജു ജോർജിന്റെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്; കാറിന്റെ ചില്ല് തകർക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തതിന് പരാതി നൽകുമെന്ന് നടൻ
സ്വന്തം ലേഖകൻ
കൊച്ചി: ജോജു ജോർജ് മദ്യപിച്ചെന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം പൊളിഞ്ഞുവീണു.നടൻ മദ്യപിച്ചിട്ടില്ലെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം അപ്രസക്തമാകുന്നത്.
അതേസമയം, കാറിന്റെ ചില്ല് തകർക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തതിന് പരാതി നൽകുമെന്ന് നടൻ ജോജു ജോർജ്. എന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞു. വീട്ടിലിരിക്കുന്ന അവരെ എന്തിനാണ് ഇവർ അസഭ്യം പറഞ്ഞത്. ബ്ലോക്കിൽപ്പെട്ട് കിടന്ന എന്റെ കാറിന്റെ തൊട്ടരികിൽ കീമോവിന് കൊണ്ടുപോകുന്ന രോഗിയുമായി വന്ന വാഹനം ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതെല്ലാം കണ്ടപ്പോഴാണ് പ്രതികരിച്ചത്. പ്രതികരിച്ചതിൽ ഒരു തെറ്റും ഉണ്ടെന്ന് കരുതുന്നില്ല’ – ജോജു മാധ്യമങ്ങളോട് പറഞ്ഞു.ഇന്ധനവിലവർധനയ്‌ക്കെതിരെ വഴിതടയൽ സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകരുമായുള്ള സംഘർഷത്തിൽ ജോജുവിന് പരിക്കേറ്റിരുന്നു. വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോജു.
ഞാൻ മദ്യപിച്ചു എന്നാണ് ചിലരുടെ ആരോപണം. ഞാൻ മദ്യപിച്ചിരുന്ന ആളാണ്. എന്നാൽ ഇപ്പോൾ മദ്യപിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനാണ് സംഘർഷത്തിൽ നിന്ന് രക്ഷിച്ചത്. സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്ന ചില നേതാക്കൾ എന്റെ അച്ഛനെയും അമ്മയെയും അസഭ്യം പറഞ്ഞു. വീട്ടിലിരിക്കുന്ന അച്ഛനെയും അമ്മയെയും അസഭ്യം പറയുന്നത് എന്തിനാണ്? എന്റെ അമ്മ കോൺഗ്രസുകാരിയാണ്.’ – ജോജു ചോദിച്ചു.