play-sharp-fill
ജോയിന്റ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് പ്രകാശൻ കങ്ങഴയെ മണിമലയാറ്റിൽ വീണ് കാണാതായി; പ്രകാശൻ ആറ്റിൽ ചാടിയത് കണ്ട് അതിഥി തൊഴിലാളി ഒപ്പം ചാടിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല; പ്രകാശനായി തിരച്ചിൽ തുടരുന്നു

ജോയിന്റ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് പ്രകാശൻ കങ്ങഴയെ മണിമലയാറ്റിൽ വീണ് കാണാതായി; പ്രകാശൻ ആറ്റിൽ ചാടിയത് കണ്ട് അതിഥി തൊഴിലാളി ഒപ്പം ചാടിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല; പ്രകാശനായി തിരച്ചിൽ തുടരുന്നു

തേർഡ് ഐ ബ്യൂറോ

കോട്ടയം: മണിമല പാലത്തിൽ നിന്നും മണിമലയാറ്റിൽ ചാടിയ ജോയിന്റ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റ് പ്രകാശൻ കങ്ങഴയെ കാണാതായി. ഇദ്ദേഹത്തെ രക്ഷിക്കാൻ ഇതര സംസ്ഥാന തൊഴിലാളി ഒപ്പം ചാടിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇദ്ദേഹം ഇപ്പോൾ ചങ്ങനാശേരി താലൂക്ക് ഓഫിസിൽ സ്‌പെഷ്യൽ വില്ലേജ് ഓഫിസറാണ്. അടുത്തിടെയാണ് ഇദ്ദേഹത്തിന് വില്ലേജ് ഓഫിസറായി സ്ഥാനക്കയറ്റം ലഭിച്ചത്.

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം. ചങ്ങനാശേരിയിലെ ഓഫിസിലേയ്ക്കു പോകുന്നതിനായാണ് ഇദ്ദേഹം വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്നു, മണിമല പാലത്തിൽ എത്തി ഇവിടെ ബാഗ് വച്ച ശേഷം ആറ്റിൽ ചാടുകയായിരുന്നു. ഇദ്ദേഹം ആറ്റിലേയ്ക്ക് ചാടുന്നത് കണ്ട് ഇതുവഴി എത്തിയ ബംഗാൾ സ്വദേശിയായ ഇതര സംസ്ഥാന തൊഴിലാളി ഇദ്ദേഹത്തെ രക്ഷിക്കാൻ ഒപ്പം ആറ്റിലേയ്ക്ക് ചാടി. എന്നാൽ, ഇദ്ദേഹത്തിന്റെ കയ്യിൽ പിടുത്തം കിട്ടും മുൻപ് പ്രകാശൻ ആറ്റിലേയ്ക്ക് മുങ്ങിത്താഴുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയെത്തിയതിനെ തുടർന്നാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. എന്നാൽ, ഇതുവരെയും ഇദ്ദേഹത്തെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

നേരത്തെ കൊവിഡ് ബാധിതനായിരുന്ന അദ്ദേഹം അടുത്തിടെയാണ് രോഗവിമുക്തനായത്. ഇതേ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾ ഇദ്ദേഹം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. ഇതേ തുടർന്നാവാം ഇദ്ദേഹം ആറ്റിൽ ചാടിയതെന്നു സംശയിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത മണിമല പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.