play-sharp-fill
ജിഷയുടെ യഥാര്‍ത്ഥ കൊലപാതകിയെ പുറത്തുകൊണ്ടുവരാന്‍ സിനിമ പിടിക്കാമെന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു; അവരുടെ വാക്കുകളില്‍ വീണുപോയി; പണം മുഴുവനും തന്റെ കൈയില്‍ കിട്ടിയിട്ടില്ല എന്ന് രാജേശ്വരി; ജിഷയുടെ പേരില്‍ സമാഹരിച്ച 40 ലക്ഷം എവിടെ പോയി…..?

ജിഷയുടെ യഥാര്‍ത്ഥ കൊലപാതകിയെ പുറത്തുകൊണ്ടുവരാന്‍ സിനിമ പിടിക്കാമെന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു; അവരുടെ വാക്കുകളില്‍ വീണുപോയി; പണം മുഴുവനും തന്റെ കൈയില്‍ കിട്ടിയിട്ടില്ല എന്ന് രാജേശ്വരി; ജിഷയുടെ പേരില്‍ സമാഹരിച്ച 40 ലക്ഷം എവിടെ പോയി…..?

സ്വന്തം ലേഖകൻ

പെരുമ്പാവൂര്‍: കേരളത്തിന്റെ മനസാക്ഷിയെ പിടിച്ചുലച്ച നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവും മകളുടെ മരണത്തോടെ കണ്ണീരിലാഴ്ന്ന അമ്മ രാജേശ്വരിയുടെ ജീവിത ദുരിതവും എല്ലാവർക്കും ഒരു നൊമ്പരമായിരുന്നു.


സര്‍ക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും വന്‍ തുകയാണ് ധനസഹായമായി ജിഷയുടെ അമ്മ രാജേശ്വരിക്ക് പിന്നീട് ലഭിച്ചത്. ഈ തുക ധൂർത്തടിച്ച് ആഡംബര ജീവിതം നയിക്കുകയായിരുന്നെന്ന ആരോപണവും ശക്തമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ധനസഹായമായി ലഭിച്ച പണം ഒപ്പം നിന്ന ചിലര്‍ തട്ടിയെടുത്തതോടെ ജീവിതം പ്രതിസന്ധിയിലായെന്ന വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് രാജേശ്വരി ഇപ്പോൾ.
മകളുടെ പേരില്‍ ലഭിച്ച പണം മുഴുവന്‍ തന്റെ കൈയില്‍ എത്തിയില്ലെന്നും ഇപ്പോഴത്തെ ദുരിത ജിവതത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ ആരുമില്ലെന്നും എഴുന്നേറ്റ് നടക്കാന്‍ പോലും ആവതില്ലാത്ത അവസ്ഥയിലാണ് ജീവിതമെന്നും രാജേശ്വരി പറയുന്നു.

രാജേശ്വരിയുടെ വാക്കുകൾ ഇങ്ങനെ:

“നാട്ടുകാര്‍ കരുതും പോലെ എന്റെ മോളുടെ പേരില്‍ കിട്ടിയ പണം മുഴുവനും എന്റെ കൈയില്‍ കിട്ടിയിട്ടില്ല. ബാങ്കില്‍ നിന്നും കുറച്ചു പണം മാത്രമെ പിന്‍വലിച്ചിട്ടുള്ളു. പൊലീസ് കാവല്‍ ഉള്ളപ്പോഴാണ് ബാങ്കില്‍ പോയി പണമെടുത്തിട്ടുള്ളത്. രാജേശ്വരിയമ്മയെ സര്‍ക്കാര്‍ ഏറ്റെടുത്തെന്ന് മന്ത്രിമാര്‍ പറയുന്നത് കേട്ടു. മകള്‍ കൊല്ലപ്പെട്ടിട്ട് ഏഴുവര്‍ഷം കഴിഞ്ഞു. എന്നിട്ട് അവരില്‍ ഒരാള്‍ പോലും എന്റെ ഇപ്പോഴത്തെ അവസ്ഥ അന്വേഷിക്കാനോ അറിയാനോ തയ്യാറായിട്ടില്ല.

രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ പെരുമ്പാവൂര്‍ വരെ നടന്നുപോയി പരിചയമുള്ള ഒന്നുരണ്ട് കടകളില്‍ നിന്നും ഭക്ഷണം കടം പറഞ്ഞ് കഴിക്കും. പെന്‍ഷന്‍ കിട്ടുമ്പോള്‍ കൊടുക്കാമെന്ന് പറഞ്ഞാണ് ആഹാരം പറ്റില്‍ കഴിക്കുന്നത്. മകള്‍ ജോലിക്കാരിയാണെങ്കിലും അവള്‍ക്കും ചെലവ് ഉണ്ടല്ലോ..അതുകൊണ്ട് എന്റെ കാര്യത്തിന് അവളെ ബുദ്ധിമുട്ടിക്കാറില്ല.

കൈയില്‍ കിട്ടിയ പണം സൂക്ഷിച്ചും അത്യാവശ്യങ്ങള്‍ക്കും മാത്രമാണ് ചിലവഴിച്ചിട്ടുള്ളത്. കാറില്‍ നാടുചുറ്റി പണം ധൂര്‍ത്തടിച്ചു എന്നൊക്കെ പലരും പറയുന്നുണ്ട്. മൂന്നോ നാലോ തവണ കാര്‍ വിളിച്ചിട്ടുണ്ട്. ഒന്ന് പഴനി യാത്രയ്ക്കാണ്. ആശുപത്രിയില്‍ പോകുന്നതിനുമാണ് പിന്നീട് കാറില്‍ യാത്ര ചെയ്തിട്ടുള്ളത്. ബസ്സിറങ്ങി കുറച്ചുദൂരം നടന്നാലെ വീട്ടിലെത്താന്‍ കഴിയു. മിക്കപ്പോഴും ഓട്ടോ കിട്ടാറില്ല. ഇതുകൊണ്ടാണ് കാര്‍ വിളിച്ചുവരുത്തേണ്ടി വന്നത്.

രണ്ട് വട്ടം കൊറോണ വന്നു. ഇതിന്റെ അസ്വസ്ഥതകള്‍ ഇനിയും വിട്ടുമാറിയിട്ടില്ല. ദേഹമാകെ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. ശരീരത്തിന് വല്ലാത്ത വേദനയും ഉണ്ട്. രാവിലെയും വൈകിട്ടും 30 മില്ലി വച്ച്‌ ഇന്‍സുലിന്‍ എടുക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എഴുന്നേറ്റ് നടക്കാന്‍ പോലും വയ്യാത്ത സ്ഥിതിയായി.

രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍, വിശപ്പുമൂലം തളര്‍ന്നുവീഴുമെന്ന അവസ്ഥ വരുമ്പോഴാണ് വേദന സഹിച്ചും പുറത്തിറങ്ങുന്നത്. വണ്ടിക്കൂലിക്ക് പണമില്ലാത്തതിനാല്‍ പെരുമ്പാവൂര്‍ വരെ നടക്കും. മുൻപൊക്കെ മക്കളെ വളര്‍ത്താനും പഠിപ്പിക്കാനുമൊക്കെ പള്ളികളുടെ മുൻപിലൊക്കെ കൈനീട്ടേണ്ടി വന്നിട്ടുണ്ട്. ചികിത്സയ്ക്കും വിശപ്പകറ്റാനും മറ്റാവശ്യങ്ങള്‍ക്കും ഇന്ന് മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ല. പണിയെടുത്ത് ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മറ്റാരുടെയും മുൻപില്‍ ഒരാവശ്യത്തിനും പോകില്ലായിരുന്നു.

സിനിമ പിടിക്കാമെന്ന് പറഞ്ഞ് ചിലര്‍ വന്നിരുന്നു. ജിഷയുടെ യഥാര്‍ത്ഥ കൊലപാതകിയെ പുറത്തുകൊണ്ടുവരാന്‍ സിനിമ കൊണ്ട് കഴിയുമെന്നാണ് അവര്‍ വിശ്വസിപ്പിച്ചത്. മകളെ നഷ്ടപ്പെട്ട ഒരു അമ്മയാണ് ഞാന്‍… അവരുടെ വാക്കുകളില്‍ വീണുപോയി. മകള്‍ മരിച്ചപ്പോള്‍ ഒരുപാട് രാഷ്ടീയക്കാര്‍ വന്നു. അവരെല്ലാം അവരുടെ കാര്യം നടത്തിപ്പോയി.

സര്‍ക്കാര്‍ 5000 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. രണ്ടും മൂന്നും മാസങ്ങള്‍ കൂടുമ്പോഴാണ് അത് കിട്ടുന്നത്. ഇതുകിട്ടുമ്പോഴാണ് ഭക്ഷണം കഴിക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള കടങ്ങള്‍ തീര്‍ക്കുന്നത് ” – രാജേശ്വരി പറഞ്ഞു.