അവളെ ഒറ്റയ്ക്കാകാതെ കാത്തിരുന്ന ജെൻസൻ ശ്രുതിയെ തനിച്ചാക്കി യാത്രയായി; സംസ്കാര ചടങ്ങുകളിൽ ഒരു നാട് മുഴുവൻ പൊട്ടിക്കരയുന്ന കാഴ്ചയായിരുന്നു അത്… ജെൻസനെ യാത്രയാക്കി ശ്രുതി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു.. രണ്ട് കാലിനും ശസ്ത്രക്രിയ പൂർത്തിയാക്കി; അപകടത്തിൽ പരിക്കേറ്റ മറ്റു 8 പേരും ചികിത്സയിൽ
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളും വാഹനാപകടത്തില്‍ പ്രതിശ്രുത വരനും മരിച്ചതോടെ തീർത്തും അനാഥയായ ശ്രുതി ആശുപത്രിയില്‍ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ ശ്രുതിയുടെ രണ്ടു കാലുകളും ഒടിഞ്ഞിരുന്നു. ഒരു ശസ്ത്രക്രിയ പൂർത്തിയാക്കിയിട്ടുണ്ട്.
നിലവില്‍ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാല്‍ ശ്രുതിയെ ആശുപത്രിയുടെ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളാരംകുന്നില്‍ അപകടത്തില്‍ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരം ആണ് ജെൻസണ് ഓടിച്ചിരുന്ന വാൻ ബസ്സുമായി കൂട്ടിയിടിച്ചത്. വാഹനപകടത്തില്‍ അന്തരിച്ച ജെൻസന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു.
വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബം നഷ്ടമായ ശ്രുതിയെ തനിച്ചാക്കി ജെൻസണും വിടവാങ്ങിയതിന്റെ ഹൃദയവേദനയോടെയാണ് നാടൊന്നാകെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. എങ്ങും അത്രമേല്‍ സങ്കടമായിരുന്നു അണപൊട്ടിയൊഴുകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവർ ജെൻസണ് അന്ത്യ ചുംബനം നല്‍കിയാണ് യാത്രയാക്കിയത്. വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാർത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം ആണ്ടൂര്‍ നിത്യസഹായമാതാ പള്ളിയിലേക്ക് കൊണ്ടുപോയത്.
ഇവിടെ വച്ചായിരുന്നു സംസ്കാരം നടന്നത്. കല്പറ്റയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് ജെൻസണ് മരണത്തിന് കീഴടങ്ങിയത്. ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും അനിയത്തിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെൻസണ്.
ശ്രുതിയും ജെൻസണും സ്കൂള്‍ കാലം മുതല്‍ സുഹൃത്തുക്കളാണ്. ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്കും വിവാഹ നിശ്ചയത്തിലേക്കും നേരത്തെ തന്നെ എത്തിയിരുന്നു. അതിനിടയിലാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ശ്രുതിയുടെ ജീവിതത്തെ അപ്പാടെ ഇരുട്ടിലാക്കിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം, ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാൻ തീരുമാനിച്ചിരുന്നു.
അതിനിടയിലാണ് മറ്റൊരു ദുരന്തം കൂടിയെത്തി ശ്രുതിയെ തനിച്ചാക്കിയത്. ശ്രുതിക്ക് വേണ്ടി അടച്ചുറപ്പുള്ള വീടാണ് ഇനി തൻ്റെ സ്വപ്നമെന്ന് പറഞ്ഞ് അവളുടെ കൈപിടിച്ചിരുന്ന, അവളെ ഒറ്റയ്ക്കാകാതെ കാത്തിരുന്ന ജെൻസൻ കൂടി യാത്രയായത് കേരളത്തിനാകെ വലിയ നോവായി മാറിയിട്ടുണ്ട്.