ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം…! മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്നു; ‘ജയിലറുടെ’ ആദ്യ സ്റ്റില്‍ പുറത്ത് വിട്ട് നിര്‍മ്മാതാക്കള്‍
സ്വന്തം ലേഖിക
കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലറില്‍ മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ സിനിമയുടെ നിര്‍മ്മാതാക്കളും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മോഹന്‍ലാലും രജനികാന്തും ആദ്യമായി ഒന്നിക്കുന്നുവെന്ന് നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‌സിന്റെ ഒഫിഷ്യല്‍ അനൗണ്‍സ്മെന്റ് പുറത്തുവന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിത്രത്തിലെ ഒരു സ്റ്റില്ലും നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. അരക്കൈയന്‍ പ്രിന്റഡ് ഷര്‍ട്ടും പ്ലെയിന്‍ ഗ്ലാസും കൈയില്‍ ഇടിവളയുമായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്.
ഏതാനും ദിവസങ്ങളുടെ ചിത്രീകരണം മാത്രമാകും മോഹന്‍ലാലിന് ഉണ്ടാകുക. ചിത്രത്തില്‍ നിര്‍ണായകമാകുന്ന അതിഥി വേഷത്തിലാണ് താരം എത്തുന്നതെന്നാണ് വിവരം.
തമിഴിലെ യുവസംവിധായകന്‍ നെല്‍സണ്‍ ദിലീപ്‌കുമാറാണ് ജയിലര്‍ ഒരുക്കുന്നത്.
ചിത്രത്തില്‍ ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്.
ശിവരാജ്കുമാര്‍, രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അനിരുദ്ധ് രവി ചന്ദറാണ് സംഗീതം. ഛായാഗ്രഹണം വിജയ് കാര്‍ത്തിക് കണ്ണന്‍.