ഇരിട്ടിയിൽ ചുഴലികാറ്റിൽ കെട്ടിടം തകർന്നു, വൈദ്യുതി നിശ്ചലം : ആളപാമയില്ല
കണ്ണൂർ : ഇരിട്ടിയിൽ മഴയോടൊപ്പം ശക്തമായ ചുഴലിക്കാറ്റിൽ ഇരിട്ടി ടൗണിലെ കെട്ടിടം തകർന്നുവീണു. സമീപത്തെ ഷോപ്പിങ് മാളുകള്‍ക്കുമുന്നില്‍ നിർത്തിയിട്ട രണ്ട് കാറുകള്‍ക്കും ഒരു ഓട്ടോറിക്ഷക്കും നാശനഷ്ട്ടമുണ്ടായി.
ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഇരിട്ടി മേലേ സ്റ്റാൻഡില്‍ ജുമാസ്ജിദിന് തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന പഴയ ഫാഷൻ ഹോട്ടലിന്റെ ഒരു ഭാഗത്തെ മേല്‍ക്കൂരയാണ് കാറ്റില്‍ നിലംപൊത്തിയത്. ഈ കെട്ടിടത്തിന്റെ പിൻഭാഗത്തായി സ്ഥിതിചെയ്യുന്ന മെട്രോ ഹൈപർ മാർക്കറ്റ്, ഇമ്മാനുവേല്‍ സില്‍ക്‌സ്, സിറ്റി സെന്റർ ഷോപ്പിങ് മാള്‍ എന്നിവയുടെ പാർക്കിങ് ഏരിയയിലേക്ക് മേല്‍ക്കൂര അപ്പാടെ മറിഞ്ഞു വീഴുകയായിരുന്നു.
കാറുകളും ഓട്ടോറിക്ഷകളും ബൈക്കുകളും ഉള്‍പ്പെടെ പത്തിലേറെ വാഹനങ്ങള്‍ ഇതിന്റെ അടിയിലായി. എന്നാല്‍ ഒരു ഓട്ടോറിക്ഷക്കും രണ്ടു കാറുകള്‍ക്കും രണ്ടു ബൈക്കുകള്‍ക്കും മറ്റുമാണ് സാരമായ കേടുപാടുകള്‍ പറ്റിയത്. പാർക്കിങ് ഏരിയയില്‍ നിന്നും പുറത്തേക്കു കടക്കാൻ ശ്രമിക്കയുന്നതിനിടെയാണ് ഓട്ടോറിക്ഷ അപകടത്തില്‍ പെട്ടത്. ഈ സമയത്തു ഡ്രൈവർ ഓട്ടോറിക്ഷയയിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടുകയും മേല്‍ഭാഗത്തെ ഷീറ്റ് കീറുകയും ചെയ്തു. ഇരിട്ടി അഗ്നിരക്ഷസേന സ്ഥലത്തെത്തിയാണ് തകർന്നുവീണ മേല്‍ക്കൂരക്കടിയില്‍പെട്ട വാഹനങ്ങള്‍ പുറത്തെടുത്തത്.
മേല്‍ക്കൂര വീഴുന്നതിനിടെ അതിനടിയില്‍ പെട്ട വൈദ്യുതി ലൈനുകളും ട്രാൻസ്‌ഫോർമർ സ്ഥാപിച്ച വൈദ്യുതി തൂണുകളും തകർന്ന നിലയിലാണ്. ശക്തമായ കാറ്റില്‍ വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണ് വൈദ്യുതി ബന്ധം നിലച്ചു.
ശക്തമായ കാറ്റും മിന്നലും മഴയും ഉണ്ടായതോടെ സ്ഥലത്തുണ്ടായിരുന്നവരെല്ലാം ഒഴിഞ്ഞു നിന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.