
വാഷിങ്ടണ്‍: പശ്ചിമേഷ്യൻ സംഘർഷം നിർണായക വഴിത്തിരിവിലേക്കെന്ന് സൂചന.
ഇറാനുമായുള്ള സമാധാന കരാർ അന്തിമ ഘട്ടത്തിലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.
സമാധാനത്തിനും സംഘർഷത്തിനും ഒരുപോലെ സാധ്യതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ പ്രസ്താവന.
അതുകൊണ്ടുതന്നെ ലോകം ഇന്ന് ഈ വിഷയത്തില്‍ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ്. ഹോർമുസ് തുറക്കുന്നതിലടക്കം പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, ഹോർമുസിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ലെന്ന് ഇറാനിയൻ വാർത്ത ഏജൻസി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇറാനുമായി മൂന്ന് മാസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകള്‍ ഒരു അന്തിമ സമാധാന കരാറിലേക്ക് വളരെ വേഗത്തില്‍ അടുക്കുകയാണെന്ന് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളില്‍ വലിയ പുരോഗതിയുണ്ടായതായി ട്രംപ് വെളിപ്പെടുത്തിയത്.
ഈ കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായ രീതിയില്‍ കൈകാര്യം ചെയ്യുമെന്നും ഇറാൻ ആണവായുധം നിർമ്മിക്കുന്നത് പൂർണ്ണമായും തടയാൻ ഇതിലൂടെ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. തങ്ങള്‍ ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കരാറില്‍ ഒപ്പുവെക്കൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ഈ സമാധാന ചർച്ചകളില്‍ അനുകൂലമായ പുരോഗതിയുണ്ടായതായി അമേരിക്കയും ഇറാനും ഒരുപോലെ സമ്മതിക്കുന്നുണ്ട്. നിലവിലെ നിർദ്ദിഷ്ട കരാർ ഒരു രൂപരേഖ മാത്രമാണെന്നും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനാണ് തങ്ങള്‍ ഇപ്പോള്‍ മുൻഗണന നല്‍കുന്നതെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.







