മാര്‍ക്ക് വുഡ് എറിഞ്ഞ് തകര്‍ത്തു; ഡൽഹിയ്ക്കായി പൊരുതിയത് ഡേവിഡ് വാര്‍ണര്‍ മാത്രം; ഐ.പി.എല്ലില്‍ ലക്‌നൗവിന് തകർപ്പൻ ജയം

മാര്‍ക്ക് വുഡ് എറിഞ്ഞ് തകര്‍ത്തു; ഡൽഹിയ്ക്കായി പൊരുതിയത് ഡേവിഡ് വാര്‍ണര്‍ മാത്രം; ഐ.പി.എല്ലില്‍ ലക്‌നൗവിന് തകർപ്പൻ ജയം

Spread the love

സ്വന്തം ലേഖകൻ

ലക്‌നൗ: അഞ്ച് വിക്കറ്റുമായി പേസ് ബോളര്‍ മാര്‍ക്ക് വുഡ് കൊടുങ്കാറ്റായപ്പോള്‍ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ലക്‌നൗ സൂപ്പർ ജയന്‍റ്സിന് തകര്‍പ്പന്‍‌ ജയം.. ലക്നൗ സൂപ്പര്‍ ജയന്റ്സ് നൽകിയ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്നിറങ്ങിയ ഡൽഹിയ്ക്ക് നേടാനായത് 143 റൺസ് മാത്രം. ഇതോടെ 50 റൺസിന്റെ മികച്ച വിജയം ലക്നൗ സ്വന്തമാക്കി. 56 റൺസ് നേടിയ ഡേവിഡ് വാര്‍ണര്‍ ഒഴികെ മറ്റാര്‍ക്കും ഡൽഹി നിരയിൽ പിടിച്ച് നിൽക്കാനായില്ല. മാര്‍ക്ക് വുഡിന്റെ ഓപ്പണിംഗ് സ്പെല്ലാണ് ഡൽഹിയുടെ നടുവൊടിച്ചത്.

വാര്‍ണര്‍ക്ക് പുറമെ റൈലി റൂസ്സോ 20 പന്തിൽ 30 റൺസ് നേടി പുറത്തായി. മാര്‍ക്ക് വുഡ് 5 വിക്കറ്റ് നേടിയപ്പോള്‍ രവി ബിഷ്ണോയിയും അവേശ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ അർധ സെഞ്ച്വറി നേടിയ ഓപ്പണർ കെയിൽ മെയേഴ്‌സിന്‍റേയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നിക്കോളാസ് പൂരന്‍റേയും ഇന്നിങ്സുകളാണ് ലക്‌നൗ സൂപ്പർ ജയന്‍റ്സിന് മികച്ച സ്‌കോർ സമ്മാനിച്ചത്. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ 193 റൺസെടുത്തു. മേയേഴ്‌സ് 38 പന്തിൽ ഏഴ് സിക്‌സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിൽ 73 റൺസെടുത്തു.

മത്സരത്തിൽ ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഡൽഹിക്കായി ബോളർമാർ മികച്ച തുടക്കമാണ് നൽകിയത്. മൂന്നാം ഓവറിൽ തന്നെ ലക്‌നൗ നായകൻ കെ.എൽ രാഹുലിനെ ചേതൻ സകരിയ അക്‌സർ പട്ടേലിന്റെ കൈകളിലെത്തിച്ചു. എന്നാൽ പിന്നീട് ഡൽഹി ഫീൽഡർമാർ തുടർച്ചയായി ഫീൽഡിങ്ങിൽ പിഴവ് വരുത്തുന്ന കാഴ്ചയാണ് ആരാധകർ കണ്ടത്.

മാര്‍കസ് സ്റ്റോയിനിസിനെ കീപ്പറുടെ കയ്യിലെത്തിച്ച് സകരിയ ഡല്‍ഹിക്ക് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന ക്രുണാല്‍ പാണ്ഡ്യയും നിക്കോളസ് പൂരനും അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്ന കാഴ്ചയാണ് കണ്ടത്. പൂരന്‍ 20 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റണ്‍സെടുത്തു.