രാജ്യാന്തര കബഡി താരം സന്ദീപ് സിംഗ് നംഗൽ വെടിയേറ്റ് മരിച്ചു; പഞ്ചാബില്‍ ടൂര്‍ണമെന്റിനിടെയാണ് താരത്തിന് വെടിയേറ്റത്
സ്വന്തം ലേഖകൻ
ജലന്ധര്‍: പഞ്ചാബ് ജലന്ധറില്‍ അന്താരാഷ്ട്ര കബഡി താരത്തെ ആളുകള്‍ നോക്കിനില്‍ക്കെ വെടിവെച്ച് കൊലപ്പെടുത്തി. കബഡി താരം സന്ദീപ് സിങ് നംഗല്‍ അംബിയാന്‍ (40) ആണ് വെടിയേറ്റ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
വെടിയേറ്റ താരത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നകോദറിലെ മല്ലിയന്‍ ഖുര്‍ദ് ഗ്രാമത്തില്‍ ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്ത് നിന്ന് സന്ദീപ് പുറത്തേക്ക് വരുമ്പോള്‍ നാല് പേര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
എട്ട് മുതല്‍ 10 വരെ ബുള്ളറ്റുകള്‍ കബഡി താരത്തിന് നേരെ ഉതിര്‍ത്തു. സന്ദീപിനെ വെടിവെക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മത്സരം കാണാന്‍ മരത്തിലും മതിലുകളിലും കയറി നിന്നവരാണ് വീഡിയോ ഷൂട്ട് ചെയ്തത്. നാല് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചയാളാണ് സന്ദീപ് സിംഗ് നംഗൽ. ടൂർണമെന്റുകളിൽ ദേശീയ ടീമിന്റെ ക്യാപ്റ്റനായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ താമസിച്ചിരുന്ന അദ്ദേഹം ടൂർണമെന്റിൽ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്.