മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാവാതെ ഇന്ത്യ; മൂന്നാം ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് ഇരുനൂറ് തികയ്ക്കാനായില്ല

മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാവാതെ ഇന്ത്യ; മൂന്നാം ട്വന്റി ട്വന്റിയിൽ ഇന്ത്യയ്ക്ക് ഇരുനൂറ് തികയ്ക്കാനായില്ല

സ്‌പോട്‌സ് ഡെസ്‌ക്

ഹാമിൽട്ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്നാം ട്വന്റി ട്വന്റി മത്സരത്തിൽ ഇരുനൂറിന്റെ പടിവാതിലിൽ കലമുടച്ച് ടീം ഇന്ത്യ. ഫോമിലേയ്ക്കുള്ള രോഹിതും, രാഹുലും ചേർന്ന് ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകിയെങ്കിലും മറ്റു ബാറ്റ്‌സ്മാൻമാർ ഉത്തരവാദിത്വം കാട്ടാതെ വന്നതോടെ ടീം ഇന്ത്യയുടെ സ്‌കോർ 179 ൽ ഒതുങ്ങി. ഇരുപത് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടമാക്കിയാണ് ഇന്ത്യ സ്‌കോർ നേടിയത്.

പതിവ് ഫോമിലേയ്ക്കു മടങ്ങിയെത്തിയ ഹിറ്റ്മാൻ രോഹിത് ശർമ്മ തന്നെയായിരുന്നു ഇന്ത്യൻ ബാറ്റിംങ് നിരയിലെ താരം. 8.6 ഓവറിൽ 89 റൺ എന്ന മികച്ച ടോട്ടലാണ് ഓപ്പണർമാർ രണ്ടു പേരും ചേർന്ന് ഇന്ത്യയ്ക്ക് ഒരുക്കി നൽകിയത്. 19 പന്തിൽ 27 റണ്ണെടുത്ത രാഹുൽ മടങ്ങിയെങ്കിലും രോഹിത്ത് മികച്ച ഫോമിലായിരുന്നു. ട്വന്റി ട്വന്റിയിലെ മറ്റൊരു സെഞ്ച്വറി രോഹിത് സ്വന്തം പേരിൽ കുറിയ്ക്കും എന്ന് ഉറപ്പിച്ചിരിക്കെ ബെനറ്റിന്റെ പന്തിനെ ഉയർത്തിയടിച്ച് രോഹിത് മടങ്ങി. നാൽപ്പത് പന്തിൽ ആറ് ഫോറും മൂന്നു സിക്‌സും സഹിതം 65 റണ്ണാണ് ഈ സമയം രോഹിത് അടിച്ചു കൂട്ടിയിരുന്നത്. 10.4 ഓവറിൽ രോഹിത് മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ 94.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടുള്ള 9.2 ഓവറിൽ നിന്നും ഇന്ത്യൻ ബാറ്റിംങ് നിരയ്ക്കു നേടാനായത് 85 റൺ മാത്രം.! രാഹുൽ പോയതിനു പിന്നാലെ വൺ ഡൗണായി രംഗത്തിറങ്ങിയ ശിവം ദുബെ, എഴു പന്തിൽ മൂന്നു റണ്ണുമായി മടങ്ങി. രോഹിത്തിന്റെ കയ്യിൽ നിന്നും നന്നായി തല്ലുവാങ്ങിയ ബെനറ്റ് മൂന്നാം ഓവറിലാണ് രോഹിത്തിനെയും, ദുബെയെയും മടക്കി ആഞ്ഞടിച്ചത്. 16.6 ഓവറിൽ ശ്രേയസ് അയ്യരെ മടക്കിയ സാന്റനർ ഇന്ത്യയെ കൂടുതൽ പ്രതിരോധത്തിലാക്കി. സാന്റ്‌നറുടെ പന്തിനെ സിക്‌സടിക്കാനുള്ള ശ്രമത്തിൽ ക്രീസ് വിട്ടിറങ്ങിയ അയ്യർക്ക് അടിതെറ്റി. സ്റ്റമ്പിങ്..! 16 പന്തിൽ 17 റൺ മാത്രമായിരുന്നു അയ്യരുടെ സമ്പാദ്യം.

സ്‌കോർ ഉയർത്താനുള്ള ശ്രമത്തിനിടെ 18.5 ആം ഓവറിൽ ബെനറ്റിന്റെ പന്തിൽ സൗത്തിയ്ക്ക് ക്യാച്ച് നൽകി കോഹ്ലി മടങ്ങുമ്പോൾ ഇന്ത്യൻ സ്‌കോർ 160. 27 പന്തിൽ 38 റണ്ണായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. അവസാന ഓവറിൽ നിന്നും 19 റൺ വാരിക്കൂട്ടിയ ജഡേജയും (അഞ്ചു പന്തിൽ പത്ത്), മനീഷ് പാണ്ഡെയും (ആറു ബോളിൽ 14) ഇന്ത്യയ്ക്ക് മാന്യമായ സ്‌കോർ നൽകി.

ബെനറ്റ് നാല് ഓവറിൽ 54 റണ്ണിന് മൂന്നു വിക്കറ്റ് നേടിയപ്പോൾ സാന്റ്‌നറും ഗ്രാന്റ് ഹോമും ഓരോ വിക്കറ്റ് വീതം നേടി.