
പാക് ഡ്രോണുകളുടെ ആക്രമണത്തിന് പിന്നാലെ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും തിരിച്ചടിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: പാകിസ്താന്റെ പ്രകോപനങ്ങള്‍ക്കിടെ തിരിച്ചടി തുടങ്ങി ഇന്ത്യ. വെള്ളിയാഴ്ച രാജ്യത്തെ വിവിധയിടങ്ങളില്‍ പാക് ഡ്രോണുകള്‍ ആക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയാണെന്ന് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ജമ്മു സെക്ടറിന്റെ മറുഭാഗത്താണ് ഇന്ത്യയുടെ തിരിച്ചടി. അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്.
അതേസമയം പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായകയോഗം വിളിച്ചുചേർത്തിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. നേരത്തെ കര, വ്യോമ, നാവികസേനകളുടെ മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങൾക്കുനേരെയായിരുന്നു വെള്ളിയാഴ്ച പാക് ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ഇന്ത്യയിലെ 26-ഓളം നഗരങ്ങള്‍ ലക്ഷ്യമിട്ടതായാണ് വിവരം. അവന്തിപ്പോരയിലെ വ്യോമതാവളമടക്കം പാക് ലക്ഷ്യമിട്ടുവെങ്കിലും ഇന്ത്യ ആ ശ്രമങ്ങളെ നിര്‍വീര്യമാക്കി. മൂന്നിടങ്ങളില്‍ ജനവാസമേഖലയില്‍ ഡ്രോണുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പഞ്ചാബിലെ ഫിറോസ്പുരില്‍ ഡ്രോണ്‍ പതിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആക്രമങ്ങളെ ഇന്ത്യ പ്രതിരോധിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രോണുകള്‍ പ്രത്യക്ഷപ്പെട്ടയിടങ്ങളില്‍ വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും വിവരമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
