play-sharp-fill
സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; 15 കോടി അടയ്ക്കണമെന്ന് ആവശ്യം ; ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ; ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് സിപിഎം

സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; 15 കോടി അടയ്ക്കണമെന്ന് ആവശ്യം ; ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി ; ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ച് സിപിഎം

സ്വന്തം ലേഖകൻ

ദില്ലി : കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു. ആദായനികുതി വകുപ്പ് നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോൺഗ്രസ്, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ് അടക്കം പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസിയുടെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്കുമ്പോള്‍ 1823.08 കോടി രൂപ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് കോണ്‍ഗ്രസിന് നോട്ടീസ് നൽകിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രതിസന്ധിയിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ആഘാതമായാണ് ആദായ നികുതി വകുപ്പിന്‍റെ പുതിയ നോട്ടീസ്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമാണ് തുക.

കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ കുറച്ച് വ‍ര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്.

നോട്ടീസ് കിട്ടിയെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവും 72 മണിക്കൂറിനിടെ 11 ഐടി നോട്ടീസുകൾ കിട്ടിയെന്ന് സാകേത് ​ഗോഖലെ എംപി പ്രതികരിച്ചു. ലോക്സഭാ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തെ സമ്മ‌ർദത്തിലാക്കാൻ എല്ലാ വഴികളും നോക്കുകയാണ് ബിജെപി. ഇഡി നടപടി നടക്കാതായപ്പോൾ ആദായനികുതി വകുപ്പിനെ ഇറക്കി. മോദി പരിഭ്രാന്തനാണെന്നും ​ഗോഖല കൂട്ടിച്ചേര്‍ത്തു.