വസ്തുവിറ്റ പണം നല്‍കാൻ വിസമ്മതിച്ച ഭാര്യയെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു ; ഭര്‍ത്താവ് അറസ്റ്റില്‍
ഓയൂർ: വസ്തുവിറ്റ പണം നല്‍കാൻ വിസമ്മതിച്ച ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലം അമ്ബലംകുന്ന് ചെറുവക്കല്‍ കൂലിക്കോട് ഇടയിലഴികത്ത് വീട്ടില്‍ പ്രകാശിനെ (47) യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. നാല് ഡോറുകളും ബോണറ്റിന്‍റെ മേല്‍ മൂടിയും ഇല്ലാത്ത കാർ അമിതവേഗത്തില്‍ മുന്നോട്ടും പിന്നോട്ടും എടുക്കുകയും പിന്നോട്ടെടുക്കുന്നതിനിടെ ഗേറ്റ് തകർന്ന് ഭാര്യയുടെ ദേഹത്ത് ശക്തമായി പതിക്കുകയും കാല്‍ ഒടിയുകയും ദേഹമാസകലം പരിക്കേല്‍ക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രകാശ് പിന്നീട് വീട് അടിച്ച് തകർത്തു.
ഭാര്യയുടെ പേരില്‍ അവശേഷിക്കുന്ന ഒരേക്കർ ഭൂമി കൂടി വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടത് വിസമ്മതിച്ചതില്‍ പ്രകോപിതനായാണ് ഇയാള്‍ ഭാര്യയെ അക്രമിക്കുകയും വീട് അടിച്ച് തകർക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂയപ്പള്ളി സി.ഐ എസ്.ടി. ബിജുവിന്‍റെ നിർദേശപ്രകാരം എസ്.ഐമാരായ രജനീഷ്, രാജേഷ്, എസ്.സി.പി.ഒ വിനോദ്, ഹോം ഗാർഡ് റോയി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് മദ്യലഹരിയില്‍ അക്രമം കാട്ടിയ പ്രതിയെ സാഹസികമായി പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.