play-sharp-fill
ഇന്ത്യൻ സൈന്യം മാലദ്വീപിലെത്തിയതങ്ങനെ, തര്‍ക്കങ്ങള്‍ക്ക് പിന്നിലെന്ത്?

ഇന്ത്യൻ സൈന്യം മാലദ്വീപിലെത്തിയതങ്ങനെ, തര്‍ക്കങ്ങള്‍ക്ക് പിന്നിലെന്ത്?

സ്വന്തം ലേഖിക

മാലദ്വീപിലെ ഇന്ത്യന്‍ സൈനിക സാന്നിധ്യം പിന്‍വലിക്കണം, ഇന്ത്യയോട് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു കഴിഞ്ഞ ദിവസം ഇക്കാര്യം കര്‍ശനമായി ആവശ്യപ്പെട്ടുകഴിഞ്ഞു. മാര്‍ച്ച്‌ 15 എന്ന സമയ പരിധിയും മാലദ്വീപ് ഇതിനായി മുന്നോട്ടുവച്ചു. ഇന്ത്യന്‍ സൈന്യം രാജ്യത്ത് തുടരുന്നത് മാലദ്വീപിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് മുഹമ്മദ് മുയിസുവിന്റെ പ്രതികരണം.

 

ചൈന അനുകൂല നിലപാടുകളുടെ പേരില്‍ നേരത്തെതന്നെ ശ്രദ്ധേയനാണ് മുഹമ്മദ് മുയിസു. ഇന്ത്യ വിരുദ്ധ നിലപാടുകളായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും മുന്നോട്ട് വച്ചിരുന്നത്. രാജ്യത്തെ ഇന്ത്യന്‍ സൈനിക സാന്നിധ്യം അവസാനിപ്പിക്കുമെന്നത് മുയ്‌സുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യാ വിരുദ്ധ വികാരങ്ങള്‍ ആളിക്കത്തിച്ചായിരുന്നു മുഹമ്മദ് മുയിസു തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ടുകൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇബ്രാഹിം മുഹമ്മദ് സൊലാഹിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി ഇന്ത്യയുടെ സ്വാധീനങ്ങള്‍ക്ക് അടിപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നായിരുന്നു പ്രധാന ആക്ഷേപം. ഈ പ്രചാരണം വിജയം കാണുകയും ചെയ്തു.

 

ഇന്ത്യന്‍ സൈന്യം മാലദ്വീപില്‍ എത്തിയതെങ്ങനെ?

1988 ലെ അട്ടിമറി ശ്രമം തടയാന്‍ സഹായിച്ചത് മുതല്‍ ഇന്ത്യയും മാലദ്വീപും തമ്മില്‍ സൈനിക സഹകരണം നിലവിലുണ്ട്. ഓപ്പറേഷൻ കാക്ടസ് എന്ന പേരില്‍ ഒരു സൈനിക നടപടിയിലൂടെയാണ് മാലദ്വീപില്‍ നടന്ന അട്ടിമറി ശ്രമം ഇന്ത്യ തടഞ്ഞത്. ശ്രീലങ്കൻ വിമതരുടെ സഹായത്തോടെ മാലദ്വീപിലെ വിമത സൈന്യം അന്നത്തെ പ്രസിഡൻ്റ് മൗമൂല്‍ അബ്ദുള്‍ ഗയൂമിനെതിരെ സൈനിക അട്ടിമറിക്ക് ശ്രമിക്കുകയായിരുന്നു.

 

2009 ലാണ് ഇന്ത്യ മാലദ്വീപില്‍ ഒരു സ്ഥിര സാന്നിധ്യമാകുന്നത്. ഭീകരവാദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാലദ്വീപ് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമായിരുന്നു നടപടി. സഹകരണങ്ങളുടെ ഭാഗമായുണ്ടാക്കിയ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള കരാര്‍ പ്രകാരം ഒരു മിലിറ്ററി ബേസ് സ്ഥാപിക്കുകയും രണ്ട് ഹെലികോപ്റ്ററുകള്‍ നല്‍കുകയും ചെയ്തു. നിലവിലെ സൈനിക ശക്തി നിലവില്‍ 88 സൈനികരാണ് മാലദ്വീപില്‍ ഉള്ളത്.

 

മാലദ്വീപ് സൈനികരെ പരിശീലിപ്പിക്കുക, രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക എന്നിവയാണ് നിലവില്‍ ദ്വീപ് രാഷ്ട്രത്തില്‍ ഇന്ത്യന്‍ സൈനികരുടെ ദൗത്യങ്ങള്‍. വന്‍കരയിലെ വന്‍ ശക്തികളായ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാല്‍ നിര്‍ണായകമാണ് മാലദ്വീപ് ഇന്ത്യ വിരുദ്ധ വികാരത്തിന്റെ തുടക്കം 2013 മുതലാണ് മാലദ്വീപില്‍ ഇന്ത്യ വിരുദ്ധ വികാരം രൂപം കൊണ്ടുതുടങ്ങുന്നത്. ചൈന അനുകൂല പ്രോഗ്രസീവ് പാര്‍ട്ടിയുടെ (പിപിഎം) അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂം അധികാരത്തിലെത്തിയതോടെയാണ് ഈ മാറ്റം ആരംഭിച്ചത്.

 

2020ലാണ് രാജ്യത്ത് ‘ഇന്ത്യ ഔട്ട്’ കാമ്ബെയ്ന്‍ ആരംഭിക്കുന്നത്. ഇന്ത്യ വിരുദ്ധ നിലപാടുകള്‍ക്ക് കാരണം അത്യാധുനികമായ രണ്ട് ധ്രുവ് ഹെലികോപ്റ്ററുകള്‍ ഇന്ത്യ മാലദ്വീപിന് നല്‍കിയതോടെയാണ് ഇന്ത്യയ്ക്ക് എതിരായ മുറുമുറുപ്പുകള്‍ ശക്തമാകുന്നത്. 2010, 2015 വര്‍ഷങ്ങളിലായിരുന്നു ഹെലികോപ്റ്ററുകള്‍ നല്‍കിയത്. എയര്‍ലിഫ്റ്റിങ്, മാനുഷിക ദൗത്യങ്ങള്‍ എന്നിവയ്ക്കായാണ് ഹെലികോപ്റ്ററുകള്‍ നിയോഗിച്ചത്. എന്നാല്‍ ഇന്ത്യയുടെ നടപടി മാലദ്വീപിനെ മിലിറ്ററി ബേസാക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന നിലയില്‍ പ്രചാരണം ശക്തമാവുകയായിരുന്നു.

 

അബ്ദുള്ള യമീന്‍ അബ്ദുള്‍ ഗയൂമിന്റെ പിപിഎം ആയിരുന്നു പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഇടപാടില്‍ സുതാര്യതയില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഭൂമി ശാസ്ത്രപരമായ പ്രാധാന്യം ഇതിനിടെ രാജ്യത്ത് പുതിയ പോലീസ് അക്കാദമി സ്ഥാപിക്കാനുള്ള ഇബ്രാഹിം മുഹമ്മദ് സൊലാഹ് സര്‍ക്കാരിന്റെ തീരുമാനവും വലിയ ചര്‍ച്ചയായി. ഈ നടപടി ഇന്ത്യക്കാരുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നായിരുന്നു പ്രചാരണം.

 

ഏറ്റവുമൊടുവില്‍ ഇന്ത്യ മാലദ്വീപ് യുടിഎഫ് തുറമുഖ പദ്ധതിയും വിവാദങ്ങളില്‍ ഇടം പിടിച്ചു. 2021 ല്‍ ഒപ്പുവച്ച തുറമുഖ കരാര്‍ പ്രകാരമാരുന്നു പദ്ധതി. എന്നാല്‍ ഇത് ഇന്ത്യയുടെ നേവല്‍ ബേസ് എന്നനിലയിലായിരുന്നു പ്രചാരണം നടന്നത്. പ്രാദേശിക മാധ്യങ്ങളും വലിയ തോതില്‍ പ്രചാരണം ഏറ്റുപിടിച്ചതോടെ മാലദ്വീപ് പ്രതിരോധ സേന മേധാവിതന്നെ വിശദീകരണം നല്‍കേണ്ട നിലയുണ്ടായിരുന്നു. ഏകദേശം അഞ്ച് ലക്ഷം ജനങ്ങള്‍ വസിക്കുന്ന വളരെ ചെറിയ ഒരു ദ്വീപ് രാഷ്ട്രമാണ് മാലദ്വീപ്. വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടം എന്ന നിലയിലാണ് ലോകത്തിന് മുന്നില്‍ മാലദ്വീപ് അടയാളപ്പെടുത്തപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്രപ്രധാനമായ സ്ഥാനമുണ്ട് ഈ രാജ്യത്തിന്.