തേനീച്ചയുടെ കുത്തേറ്റു കര്‍ഷകന്‍ മരിച്ചു; മകനും സഹോദരനും ഗുരുതര പരുക്ക്
പാലക്കാട്: തേനീച്ചയുടെ കുത്തേറ്റു കര്‍ഷകന്‍ മരിച്ചു.
രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം ശാന്തി നിവാസില്‍ സുകുമാരന്‍ (78) ആണു മരിച്ചത്. പാടത്തു ജോലി ചെയ്യുന്നതിനിടെയാണ് സംഭവം.
ഒപ്പമുണ്ടായിരുന്ന മകനും സഹോദരനും 2 ജോലിക്കാരും തേനീച്ചയുടെ ആക്രമണത്തിന് ഇരയായി. മകന്റെയും സഹോദരന്റെയും നില അതീവ ഗുരുതരമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകന്‍ സുധീപ് (36), സഹോദരന്‍ രാമചന്ദ്രന്‍ (71) എന്നിവര്‍ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പുല്ലുവെട്ടു തൊഴിലാളികളായ എലപ്പുള്ളിയിലെ രാമന്‍ (40), സഹദേവന്‍(38) എന്നിവര്‍ക്കും കുത്തേറ്റെങ്കിലും ഇവര്‍ സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നതിനാല്‍ പരുക്കു ഗുരുതരമല്ല.
ഇന്നലെ ഉച്ചയ്ക്കുശേഷം രണ്ടരയോടെ രാമശ്ശേരിയിലെ പാടത്തായിരുന്നു അപകടം. പാടത്തു പുല്ലുവെട്ടാനാണ് ഇവര്‍ എത്തിയത്.
രാമനും സഹദേവനും പുല്ലു വെട്ടുന്നതിനിടെയാണു കുറ്റിക്കാടുകള്‍ക്കിടയില്‍ നിന്നു തേനീച്ചക്കൂട്ടം ഇളകിയത്. സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രാമനും സഹദേവനും തലയ്ക്കു കുത്തേറ്റില്ല. എന്നാല്‍ തൊട്ടപ്പുറത്തായി മറ്റു പണികളില്‍ ഏര്‍പ്പെട്ടിരുന്ന സുകുമാരനും രാമചന്ദ്രനും മകന്‍ സുധീപിനും തലയ്ക്കും കണ്ണിനും ഹൃദയ ഭാഗത്തും കുത്തേറ്റു.
ഇവരുടെ ശബ്ദം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുകുമാരനെ രക്ഷിക്കാനായില്ല. രാമചന്ദ്രന്റെയും സുധീപിന്റെയും തലയ്ക്കാണു പരുക്ക്.
രാമചന്ദ്രന്‍ കര്‍ഷകനാണ്. സുധീപ് കോയമ്പത്തൂര്‍ കരൂര്‍ വൈശ്യ ബാങ്ക് ഉദ്യോഗസ്ഥനാണ്.