മതവികാരം വ്രണപ്പെടുത്തിയെന്ന് ഹൈന്ദവ സംഘടനകള്‍; പരാതിക്ക് പിന്നാലെ നയൻതാര ചിത്രം ‘അന്നപൂർണ്ണി’ പിൻവലിച്ച് നെറ്റ്ഫ്ലിക്സ്.
സ്വന്തം ലേഖിക
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് തെന്നിന്ത്യൻ താരം നയൻതാര അഭിനയിച്ച : ദ ‘അന്നപൂർണ്ണി ഗോഡസ് ഓഫ് ഫുഡ്’ നെറ്റ്ഫ്ലിക്സില്‍ നിന്ന് നീക്കം ചെയ്തു.
ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 29 മുതലാണ് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ് ചെയ്യാൻ ആരംഭിച്ചത്. ചിത്രം ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെതിരെ ഇക്കഴിഞ്ഞ തിങ്കളാഴ്ച മുംബൈ പോലീസ് കേസെടുത്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ അറിയപ്പെടുന്നൊരു ഷെഫാകാൻ ആഗ്രഹിക്കുന്ന ഒരു യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തില്‍നിന്നുള്ള യുവതി തന്റെ മുസ്ലിം സുഹൃത്തിന്റെ സഹായത്തോടെ ആഗ്രഹങ്ങള്‍ തേടിപ്പിടിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഇതില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന നയൻതാര, മാംസം പാകം ചെയ്യുന്നതും ഹിജാബ് ധരിക്കുന്നതുമായ രംഗങ്ങളുണ്ട്.
ഇവ മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകള്‍ ആരോപിക്കുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ സീ സ്റ്റുഡിയോ, ക്ഷമാപണം നടത്തികൊണ്ടുള്ള പ്രസ്താവന പുറത്തിറക്കിയിരുന്നു. കൂടാതെ ചിത്രത്തിലെ വിവാദ രംഗങ്ങള്‍ നീക്കം ചെയ്യുമെന്നും എഡിറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
സിനിമയിലെ നായികയായ നയൻതാര, നായകൻ ജയ്, എഴുത്തുകാരനും സംവിധായകനുമായ നിലേഷ് കൃഷ്ണ, നിര്‍മാതാക്കളായ ജതിൻ സേത്തി, ആര്‍ രവീന്ദ്രൻ, പുനിത് ഗോയങ്ക, സീ സ്റ്റുഡിയോ ചീഫ് ബിസിനസ് ഓഫീസര്‍ ഷാരിഖ് പട്ടേല്‍, നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യൻ മേധാവി മോണിക്ക ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെ ഹിന്ദു ഐടി സെല്‍ സ്ഥാപകൻ രാകേഷ് സോളങ്കി പരാതി നല്‍കിയിരുന്നു. ഇതില്‍ ജനുവരി എട്ടിന് മുംബൈ പോലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിരുന്നു നേരത്തെ, ആമസോണ്‍ പ്രൈം സംപ്രേഷണം ചെയ്ത സെയ്ഫ് അലി ഖാൻ അഭിനയിച്ച താണ്ഡവിനെതിരെ സമാനമായ ആരോപണങ്ങള്‍ ഉയരുകയും ഒടിടി പ്ലാറ്റ്ഫോം നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു.
ഒപ്പം ചിത്രത്തിലെ ചില രംഗങ്ങളും നീക്കം ചെയ്തിരുന്നു. താണ്ഡവിന്റെ വിവാദത്തെത്തുടര്‍ന്ന് വിവാദമാകാൻ സാധ്യതയുള്ള പല പ്രോജക്ടുകളില്‍ നിന്നും ഇന്ത്യയിലെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പിന്മാറിയതായി അടുത്തിടെ വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് അനുരാഗ് കശ്യപിന്റെ മാക്സിമം സിറ്റി, ദിബാകര്‍ ബാനര്‍ജിയുടെ ടീസ്, വിക്രമാദിത്യ മോട്‌വാനെയുടെ ഇന്തി(ര)സ് എമെര്‍ജൻസി എന്നിവയില്‍ നിന്നെല്ലാം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ പിന്മാറിയത്.