പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഗുരുവായൂരില്‍ കനത്ത സുരക്ഷ.
സ്വന്തം ലേഖിക
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും കനത്ത സുരക്ഷാ വലയത്തില്‍. ഗുരുവായൂര്‍ നഗരത്തിന്റെ സുരക്ഷാ ചുമതല എസ് പി ജി ഏറ്റെടുത്തു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ക്ഷേത്രത്തില്‍ നാളെ ചോറൂണ്, തുലാഭാരം എന്നിവ നടത്തുന്നത് ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ മുൻ നിശ്ചയിച്ച പ്രകാരമുള്ള വിവാഹ ചടങ്ങുകളില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുഹൂര്‍ത്ത സമയത്തിന് മാത്രം ചെറിയ മാറ്റങ്ങള്‍ വരുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചിട്ടുണ്ട്. നാളെ 7.45 ഓടെ ഗുരുവായൂരിലെത്തുന്ന നരേന്ദ്ര മോദി ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപി എം പിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്ഷേത്രത്തിലെ കിഴക്കേ നടയില്‍ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന വിവാഹ മണ്ഡപത്തിലേക്കാവും പ്രധാനമന്ത്രി എത്തിച്ചേരുക. മണ്ഡപത്തിന്റെ സുരക്ഷയടക്കം സുരക്ഷാ ചുമതലയുള്ള എസ് പി ജി വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ വരവ് പ്രമാണിച്ച് നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ എത്തുന്ന മോദി ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ്പനേരം വിശ്രമിച്ച ശേഷമാവും ക്ഷേത്രത്തിലേക്ക് എത്തുക.
മോദി എത്തുന്ന ദിവസം എഴുപതോളം വിവാഹങ്ങളാണ് ഗുരുവായൂരില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു വിവാഹം മാത്രമാണ് വിവാഹ പാര്‍ട്ടിയുടെ ആവശ്യപ്രകാരം മാറ്റിവെച്ചിട്ടുള്ളത്. മറ്റുള്ള വിവാഹങ്ങള്‍ പുലര്‍ച്ചെ 5 നും 6നും ഇടയ്ക്കും രാവിലെ 9ന് ശേഷവുമാവും നടക്കുക. ക്ഷേത്രത്തിലെ പതിവ് പൂജകള്‍ക്കും ചടങ്ങുകള്‍ക്കും ഒന്നും തന്നെ സുരക്ഷയ മുൻനിര്‍ത്തി മാറ്റമുണ്ടാകില്ലെന്ന് ദേവസ്വം ചെയര്‍മാനും അറിയിച്ചിട്ടുണ്ട്.
ശീവേലിക്ക് ശേഷം ക്ഷേത്രത്തിനുള്ളിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാവില്ല. പിന്നീട് പ്രധാനമന്ത്രി പോയതിന് ശേഷം മാത്രമേ ഭക്തര്‍ക്ക് പ്രവേശനം നല്‍കൂവെന്നും ചെയര്‍മാൻ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സന്ദര്‍നവുമായി ബന്ധപ്പെട്ട് സുരക്ഷ്യ്ക്കായി കേന്ദ്ര സേനയും കേരളാ പൊലീസുമായി ഏകദേശം 2500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.