play-sharp-fill
തൃശൂരില്‍ കനത്ത മഴ;  പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു;പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങി; ചിന്മിനി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കരുവന്നൂര്‍, കുറുമാലി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു; അതീവ ജാഗ്രത നിര്‍ദേശം

തൃശൂരില്‍ കനത്ത മഴ; പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞു;പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങി; ചിന്മിനി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കരുവന്നൂര്‍, കുറുമാലി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു; അതീവ ജാഗ്രത നിര്‍ദേശം

സ്വന്തം ലേഖിക

തൃശൂര്‍: ഉച്ചയ്ക്ക് ശേഷം മഴ കനത്തതോടെ തൃശൂരില്‍ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം.

പുതുക്കാടും പുത്തൂരും മണ്ണിടിഞ്ഞതോടെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കുന്ദംകുളത്തും കൊടുങ്ങല്ലൂരും രൂക്ഷമായ വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. ചിന്മിനി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ കരുവന്നൂര്‍, കുറുമാലി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ മുതല്‍ ചാലക്കുടി ഉള്‍പ്പെടെ ജില്ലയുടെ മിക്ക ഭാഗങ്ങളിലും മഴ മാറി നിന്നതോടെ സ്ഥിതി ശാന്തമായിരുന്നു. ഉച്ചയോടെയാണ് മഴ വീണ്ടും കനത്തത്. മഴ ഉണ്ടെങ്കിലും ചാലക്കുടി പുഴയിലെ ജലനിരപ്പ് അപകടകരമാം വിധം ഉയര്‍ന്നിട്ടില്ല.

എന്നാല്‍ മഴ ശക്തമായതോടെ കുന്നംകുളം നഗരത്തിലെ പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. 20 ഓളം വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ചൂണ്ടലിലെ സ്വകാര്യ ആശുപത്രിയുടെ കാഷ്വാലിറ്റിയിലും വാര്‍ഡിലും വെള്ളം കയറി. കൊടുങ്ങല്ലൂരിലെ താഴ്ന്ന പ്രദേശങ്ങളിലും തീരദേശത്തും വെള്ളക്കെട്ട് രൂക്ഷമായി. വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ടെങ്കിലും നിലവില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല.

പുതുക്കാട് വടക്കേ തൊറവില്‍ മണ്ണിടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയിലായി. മൂന്ന് വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പുത്തൂര്‍ പഞ്ചായത്തിലെ കോക്കാത്ത് കോളനി, ചിറ്റകുന്ന് പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു.

ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 10 സെ. മീ വരെ ഉയര്‍ത്തി. ഇതോടെ കരുവന്നൂര്‍, കുറുമാലി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മണലി പുഴയില്‍ മുന്നറിയിപ്പ് ലെവലിന് മുകളില്‍ വെള്ളം കയറി, കരുവന്നൂര്‍ പുഴയുടെ വാഴക്കോട് സ്റ്റേഷനിലും വെള്ളം കയറി. ഭാരതപ്പുഴയുടെ തീരത്തെ തിരുവില്വാമല, പാഞ്ഞാള്‍, കൊണ്ടാഴി പഞ്ചായത്തുകളിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.