play-sharp-fill
ആരോ​ഗ്യ ഇൻഷുറൻസിന്റെ മറവിൽ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഭവം;പ്രധാന പ്രതി ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍  മാനേജിങ് ഡയറക്ടർ പിടിയിൽ; തമിഴ്നാട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്

ആരോ​ഗ്യ ഇൻഷുറൻസിന്റെ മറവിൽ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെടുത്ത സംഭവം;പ്രധാന പ്രതി ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടർ പിടിയിൽ; തമിഴ്നാട്ടിൽ ഒളിവിൽ കഴിയവെയാണ് ഇയാൾ പിടിയിലായത്

തൃശൂർ: ആരോ​ഗ്യ ഇൻഷുറൻസിന്റെ മറവിൽ നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയ കേസിൽ പ്രധാന പ്രതി പിടിയിൽ. ഫിനോമിനല്‍ ഹെല്‍ത്ത് കെയര്‍ എന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടറും നടത്തിപ്പുകാരില്‍ പ്രധാനിയുമായ കൊരട്ടി കവലക്കാടന്‍ റാഫേലാ (72)ണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ഹരൂരില്‍ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഫിനോമിനല്‍ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളും കേരളത്തിലെ മാനേജിങ് ഡയറക്ടറുമായിരുന്നു റാഫേല്‍.

വൻ ലാഭം വാ​ഗ്ദാനം ചെയ്ത് വിവിധ ജില്ലകളിൽ നിന്നായി 150 കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. ഘട്ടം ഘട്ടമായി പണം സ്വീകരിച്ച്, നിശ്ചിത കാലാവധി വരെ ആരോഗ്യ പരിരക്ഷ നല്‍കി കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ വന്‍ ലാഭം സ്വന്തമാക്കാമെന്ന് വിശ്വപ്പിച്ചാണ് പണം സ്വരൂപിച്ചത്. 2009 മുതലാണ് കമ്പനി തുടങ്ങിയത്. നേപ്പാള്‍ സ്വദേശിയും മുംബൈയില്‍ സ്ഥിര താമസക്കാരനുമായ കമ്പനി ചെയര്‍മാന്‍ എന്‍കെ സിങ്ങിനെ 2021ല്‍ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കേരളത്തില്‍ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. എന്‍കെ സിങ് ലത്തൂര്‍ ജയിലിലാണ്. കമ്പനി പൊളിഞ്ഞതിനെ തുടര്‍ന്ന് റാഫേല്‍ 2017 മുതല്‍ മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 നവംബറിലാണ് ഫിനോമിനല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസ് പുറത്തുവരുന്നത്. ലൈസന്‍സൊന്നുമില്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചത്. 2017 സെപ്റ്റംബറിലാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരം പുറത്തു വന്നത്. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളില്‍ തുക തിരിച്ചു കിട്ടാത്തതിനെത്തുടര്‍ന്ന് പരാതികള്‍ എത്തിത്തുടങ്ങിയതോടെ കമ്പനിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാതെയായി. ആ അവസ്ഥയിലും കുറച്ചുനാളുകള്‍ കൂടി നിക്ഷേപം സ്വീകരിച്ചു. അന്വേഷണം വന്നതോടെയാണ് കോടികളുടെ തട്ടിപ്പ് പുറത്തറിയുന്നത്. ഇതോടെ നിക്ഷേപകരുടെ നീണ്ട നിരതന്നെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനില്‍ എത്തി. സ്റ്റേഷനിൽ പ്രത്യേക കൗണ്ടറും തുറന്നു. നാനൂറോളം പരാതികളാണ് സ്വീകരിച്ചത്. 144 കേസുകളെടുത്തു. പരാതിപ്പെടാത്തവരും ഒട്ടേറെയുണ്ട്.

ലോക്കല്‍ പൊലീസ് മൂന്ന് മാസത്തോളം അന്വേഷിച്ചു. പിന്നീട് 2019 ഫെബ്രുവരിയിലാണ് കേസ് കോഴിക്കോട് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

കേസില്‍ ഡയറക്ടര്‍മാരും നടത്തിപ്പുകാരുമുള്‍പ്പെടെ 18 പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ 10 പേര്‍ അറസ്റ്റിലായി. ഒരു മലയാളിയുള്‍പ്പെടെ എട്ട് ഡയറക്ടര്‍മാര്‍ ഇനി പിടിയിലാവാനുണ്ട്. അറസ്റ്റിലായ പ്രതികളില്‍ അഞ്ച് പേര്‍ ജാമ്യത്തിലിറങ്ങി മുങ്ങി.

കോഴിക്കോട് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് എസ്പി ജി സാബു, ഡിവൈഎസ്പി എം സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് റാഫേലിനെ അറസ്റ്റ് ചെയ്തത്. തൃശൂര്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.