
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് ആനയ്ക്കരികില്‍ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിലായി. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിലായത്.
പെരുമ്പാവൂരില്‍ നിന്നാണ് പ്രതിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്. ഈ മാസം മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. ചോറൂണിനായി കൊണ്ടുവന്ന അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വച്ചായിരുന്നു അച്ഛനായ പാപ്പാൻ്റെ സാഹസികത. പേടിമാറ്റാൻ എന്ന അന്ധവിശ്വാസത്തിൻ്റെ പേരിലാണ് കുഞ്ഞിനെ ആനയുടെ കൊമ്പില്‍ ഇരുത്തിയത്. ഇതിനിടെ കുഞ്ഞ് പപ്പാൻ്റെ കയ്യില്‍ നിന്നു വഴുതി ആനയുടെ കാല്‍ചുവട്ടിലേക്ക് വീഴുകയും ചെയ്തു.
സംഭവത്തില്‍ പാപ്പാന്മാർക്കെതിരെ ഹരിപ്പാട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ദേവസ്വം പാപ്പാൻ ജിതിൻ രാജിനെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തു. മൃഗങ്ങളെ ഉപയോഗിച്ചുള്ള ആക്രമണം, ജീവഹാനിക്കിടയാക്കുന്ന പ്രവർത്തനം എന്നീ വകുപ്പുകള്‍ ചേർത്താണ് പാപ്പാൻ ജിതിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആനയുടെ താല്‍ക്കാലിക പാപ്പാൻ ആണ് കുഞ്ഞിന്റെ അച്ഛനായ അഭിലാഷ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







