play-sharp-fill
ഗുരുവായൂരമ്പലം സെറ്റിട്ടത് കളമശ്ശേരിയില്‍; 2000ത്തിന് അടുത്ത് ആളുകളെ കൊള്ളിക്കാന്‍ പാകത്തിൽ നിർമ്മാണം ; സെറ്റിന്റെ പണി പൂര്‍ത്തിയാക്കിയത് 150ൽ അധികം ആളുകൾ ചേർന്ന്, നാല്പ്പത് ദിവസംകൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന സെറ്റ് നാല് കോടി രൂപയിൽ ; വിശേഷങ്ങളുമായി ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാരന്‍

ഗുരുവായൂരമ്പലം സെറ്റിട്ടത് കളമശ്ശേരിയില്‍; 2000ത്തിന് അടുത്ത് ആളുകളെ കൊള്ളിക്കാന്‍ പാകത്തിൽ നിർമ്മാണം ; സെറ്റിന്റെ പണി പൂര്‍ത്തിയാക്കിയത് 150ൽ അധികം ആളുകൾ ചേർന്ന്, നാല്പ്പത് ദിവസംകൊണ്ട് ആരെയും വിസ്മയിപ്പിക്കുന്ന സെറ്റ് നാല് കോടി രൂപയിൽ ; വിശേഷങ്ങളുമായി ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാരന്‍

സ്വന്തം ലേഖകൻ

കണ്ടുപരിചയിച്ച കാഴ്ചകള്‍പ്പുറം സ്‌ക്രീനുകളില്‍ വിസ്മയം ഒരുക്കുന്ന സിനിമകൾ. മഞ്ഞുമ്മല്‍ ബോയ്‌സ്, കുറുപ്പ്, ചുരുളി, ഫാലിമി തുടങ്ങി സമീപകാലത്ത് ആര്‍ട്ട് വര്‍ക്കുകള്‍ കൊണ്ട് അമ്പരപ്പിച്ച നിരവധി സിനിമകളുണ്ട്. അതിലേക്ക് എഴുതിച്ചേര്‍ക്കേണ്ട മറ്റൊരു പേരാണ് ഗുരുവായൂരമ്പലനടയില്‍. സുനില്‍ കുമാരന്‍ എന്ന കലാസംവിധായകനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ഗുരുവായൂരമ്പലം മുഴുവന്‍ സെറ്റിട്ട് ഒരുക്കിയ സുനിലിന്റെ വൈദഗ്ധ്യം പ്രശംസകള്‍ നേടുകയാണ്. കഴിഞ്ഞദിവസം ചിത്രത്തിനായി സെറ്റിട്ട ഗുരുവായൂര്‍ ക്ഷേത്രത്തെ നോക്കി പ്രാര്‍ത്ഥിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.നാല്പ്പത് ദിവസംകൊണ്ടാണ് ആരെയും വിസ്മയിപ്പിക്കുന്ന ഈ സെറ്റ് ഒരുക്കിയതെന്ന് സുനില്‍ കുമാരന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഒരുപാട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു ഒരുപാട് ആളുകള്‍ വിളിച്ചു. വര്‍ക്ക് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ 60 ദിവസമാണ് ചോദിച്ചത്. പക്ഷെ കിട്ടിയത് 40 ദിവസമാണ്. ഞാന്‍ ഫാലിമി എന്ന സിനിമയുടെ സെറ്റ് വര്‍ക്ക് ചെയ്യുന്ന സമയത്താണ് സംവിധായകന്‍ വിപിന്‍ ചേട്ടന്‍ എന്നെ വിളിച്ച്‌ ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയുടെ ആര്‍ട്ട് വര്‍ക്ക് ചെയ്യണം എന്ന് പറഞ്ഞത്. അങ്ങനെയാണ് അതില്‍ എത്തിയത്. ഗുരുവായൂര്‍ അമ്പലം സെറ്റിടണം എന്ന കാര്യം ഞാന്‍ ജോയിന്‍ ചെയ്യുന്നതിന് മുൻപേ എനിക്കറിയാമായിരുന്നു.

വേറെയൊരാളായിരുന്നു ആദ്യം ആര്‍ട്ട് വര്‍ക്ക് ചെയ്യേണ്ടിയിരുന്നത്. പിന്നീടാണ് എന്നിലേക്ക് വന്നത്. നാല് കോടിയും ചില്ലറയുമാണ് ആദ്യം സെറ്റിന് മാത്രം ഏകദേശം ബജറ്റ് കൊടുത്തിരുന്നത്. എത്രയായി എന്നത് പിന്നീട് ഞാന്‍ ചോദിച്ചില്ല. ഞാന്‍ ആവശ്യപ്പെട്ട സാധനങ്ങളും സൗകര്യങ്ങളും ഒരുക്കിത്തരാന്‍ മനസുള്ള നിര്‍മ്മാതാക്കള്‍ തന്നെയായിരുന്നു. 150ലധികം ആളുകള്‍ ചേര്‍ന്നാണ് സെറ്റിന്റെ പണി പൂര്‍ത്തിയാക്കിയത്.”

സെറ്റിടാന്‍ സ്ഥലം കണ്ടെത്തലായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് സുനില്‍ സുകുമാരന്‍ പറയുന്നു.
“ആദ്യം ഞങ്ങള്‍ എറണാകുളത്തു തന്നെ സ്ഥലം നോക്കി. ഒന്നും ശരിയായില്ല. പിന്നീട് തൃശൂരേക്ക് പോയി. അവിടെയും ശരിയായില്ല. അപ്പോഴാണ് പെരുമ്ബാവൂരില്‍ കുറച്ച്‌ സ്ഥലമുണ്ടെന്ന് കേട്ടത്. അവിടെ ചെന്ന് കണ്ടപ്പോള്‍ എല്ലാം ഓക്കെയായിരുന്നു. പക്ഷെ പഞ്ചായത്തിന്റെ ചില പ്രശ്‌നങ്ങള്‍ കാരണം നടന്നില്ല. അവസാനം കളമശ്ശേരി എഫ്‌എസിടിക്കടുത്ത് ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. സത്യത്തില്‍ പെരുമ്ബാവൂരിനെക്കാള്‍ നന്നായി.”

ജാതിമതഭേദ്യമന്യേ മലയാളികള്‍ക്ക് പരിചിതമായ ഗുരുവായൂര്‍ ക്ഷേത്രത്തെ സെറ്റിട്ട് വിശ്വസിപ്പിക്കല്‍ അത്ര എളുപ്പമായിരുന്നില്ല.”മുന്‍ഭാഗം, അതായത് ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കുന്ന ആ ഭാഗത്തിന്റെ ജോലികളാണ് ഞങ്ങള്‍ ആദ്യം തുടങ്ങിയത്. മൂന്നു ഗോപുരമുണ്ട് അവിടെ. ഒരുപാട് സമയമില്ലാത്തതുകൊണ്ട് ഒന്നിനും കാത്തുനില്‍ക്കാന്‍ പറ്റില്ല. അതിനോടൊപ്പം തന്നെ ബാക്കിയുള്ള സ്ഥലങ്ങളും തുടങ്ങിയിരുന്നു. പണി തുടങ്ങുന്നതിനു മുമ്ബ് ഞാന്‍ ജോലിക്കാരുമായി ഗുരുവായൂരില്‍ പോയി അമ്ബലത്തിന്റെ ഘടനയൊക്കെ ശരിക്ക് മനസിലാക്കിയിരുന്നു.

ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ മാത്രം 1500ഓളം പേര്‍ ഉണ്ടാകും എന്ന് പറഞ്ഞിരുന്നു. പിന്നെ സിനിമയുടെ ബാക്കി ക്രൂ. എല്ലാം കൂടെ 2000ത്തിന് അടുത്ത് ആളുകളെ കൊള്ളിക്കാന്‍ പാകത്തിലാണ് നിര്‍മിച്ചത്. സംവിധായകന്‍ ഇടക്കിടെ വന്ന് നോക്കുമായിരുന്നു. ഇരുമ്ബ്, സ്റ്റീല്‍, പ്ലൈവുഡ്, കാറ്റാടിമരം, കോണ്‍ക്രീറ്റ് തുടങ്ങി എല്ലാം ഉപയോഗിച്ചിട്ടുണ്ട് സെറ്റിടാന്‍. കോണ്‍ക്രീറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഏഴ് ദിവസം കഴിഞ്ഞേ അതിന്റെ മേല്‍ മറ്റ് പണി ചെയ്യാന്‍ പറ്റൂ.

അതിന് വേണ്ടി സമയം കുറച്ചു പോയി. ഗുരുവായൂരമ്ബലം അല്ലേ. വേറെ ഒന്നും ചേര്‍ക്കാനോ കുറയ്ക്കാനോ പറ്റില്ല. എല്ലാവരുടെയും മനസിലുള്ള ചിത്രമാണ്. അതുതന്നെയായിരുന്നു വെല്ലുവിളിയും. ഇടയ്ക്ക് മഴ പെയ്തതും വെള്ളം കയറിയതും തിരിച്ചടിയായി. സത്യത്തില്‍ ഷൂട്ട് കഴിഞ്ഞ് മൂന്ന് മാസത്തോളം സെറ്റ് അവിടെ നിലനിര്‍ത്തി. എന്തെങ്കിലുമൊക്കെ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വന്നാലോ എന്ന് വിചാരിച്ച്‌. ഒരാഴ്ച മുമ്ബാണ് പൊളിച്ചത്.”

“സെറ്റ് വര്‍ക്ക് കാണാന്‍ സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരിയും മറ്റ് ചില സംവിധായകരുമൊക്കെ വന്നിരുന്നു. ചിലരൊക്കെ രാജുവിനെ കാണാന്‍ വന്നതുകുടിയാണ്. എല്ലാവരും സെറ്റ് കണ്ട് നല്ല അഭിപ്രായം പറഞ്ഞു. പ്രത്യേകിച്ച്‌ നമ്മുടെ നിര്‍മാതാവ് സുപ്രിയ മേനോന്‍. പ്രതീക്ഷിച്ചതിനെക്കാള്‍ നന്നായിട്ടുണ്ട് എന്നാണ് പറഞ്ഞത്.”