സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികൾ ; വാഗമണ്ണില്‍ സര്‍ക്കാര്‍ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റ കേസിൽ അന്വേഷണം വിജിലൻസിനു കൈമാറി; കോട്ടയം തീക്കോയി സ്വദേശികളായ അച്ഛനും മകനും സർക്കാരുദ്യോഗസ്ഥനെ കൂട്ടുപിടിച്ച് വ്യാജപട്ടയം നിർമിച്ചതിനെ തുടർന്നാണ് നടപടി
സ്വന്തം ലേഖകൻ
ഇടുക്കി: വാഗമണ്ണില്‍ സര്‍ക്കാര്‍ ഭൂമി വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റ കേസില്‍ അന്വേഷണം വിജിലൻസിനു കൈമാറി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇടുക്കി ജില്ല ക്രൈംബ്രാഞ്ചായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് വ്യാജപ്പട്ടയം ചമച്ച് മറിച്ചു വിറ്റത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ പൂപ്പാറയില്‍ തിരിമറി നടത്തിയ സംഭവത്തിലും വിജിലൻസ് കേസെടുത്തു.
എറണാകുളം ഇടപ്പള്ളി സ്വദേശി ഷേര്‍ളി ആല്‍ബര്‍ട്ടിന്റെയും സഹോദരിയുടെയും പേരില്‍ വാഗമണ്‍ റാണിമുടിയിലുള്ള 10.52 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ തട്ടിയെടുക്കുകയും സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ചെയ്ത കേസില്‍ പത്തു പ്രതികളാണുള്ളത്. 55.3 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ഇതുള്‍പ്പെടെ 110 ഏക്കര്‍ ഭൂമിക്ക് വ്യാജപട്ടയം ചമയ്ക്കുകയും ചെയ്തതതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം തീക്കോയി സ്വദേശികളും ഒന്നും രണ്ടും പ്രതികളുമായ കെ.ജെ. സ്റ്റീഫനും മകൻ ജോളി സ്റ്റീഫനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വി.കെ. നാരായണൻ നായരുടെ സഹായത്തോടെയാണ് വ്യാജപട്ടയമുണ്ടാക്കിയത്. പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി ബിജു ജോര്‍ജിന്റെ പേരില്‍ പിന്നീടിതിന് മുക്ത്യാര്‍ തയ്യാറാക്കി പലര്‍ക്കായി ആധാരം ചെയ്ത് വിറ്റു. നിരവധി പേരുടെ കൈവശമാണ് ഈ ഭൂമിയിപ്പോള്‍.
വിജിലൻസ് ഇടുക്കി യൂണിറ്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് സി ഐ – ടി ആര്‍ കിരണിൻറെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഉടുമ്ബൻചോല താലൂക്കിലെ തോണ്ടിമലയില്‍ ഒൻപത് ഹെക്ടറിലേറെ സര്‍ക്കാര്‍ പുല്‍മേട് കൈവശഭൂമിയാക്കാൻ ലാൻഡ് രജിസ്റ്റര്‍ തിരുത്തിയത് രാജാക്കാട് സര്‍വേ സൂപ്രണ്ട് ഓഫീസിലെ മുൻ ഹെഡ് സര്‍വേയര്‍ സി.സണ്ണി, മുൻ ഫസ്റ്റ് ഗ്രേഡ് സര്‍വേയര്‍ എസ്.വിനോദ് കുമാര്‍ എന്നിവരുള്‍പ്പെട്ട സംഘമായിരുന്നു.
സണ്ണി സര്‍വേ സൂപ്രണ്ടിന്റെ അധികച്ചുമതല വഹിച്ചിരുന്ന സമയത്താണ് തട്ടിപ്പ് നടന്നത്. സര്‍ക്കാര്‍ പുല്‍മേട് പ്രദേശവാസിയായ ചെല്ലപ്പത്തേവരുടെ കൈവശഭൂമിയാണെന്ന് റിവൈസ്‌ഡ് ലാൻഡ് രജിസ്റ്റര്‍ തയ്യാറാക്കി രാജാക്കാട് ലാൻഡ് അക്വിസിഷൻ ഓഫീസില്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.