എഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകൾ നിർദ്ദേശിക്കും ; പുത്തൻ ഫീച്ചറുകളുമായി ഗൂഗിൾ മാപ്സ്
വഴി കാട്ടാൻ മാത്രമല്ല വഴി തെറ്റിക്കാനുള്ള വിരുതും ഗൂഗിൾ മാപ്സിനുണ്ട്. ഈ പേരുദോഷം തീർക്കാനും ഒല മാപ്സിൽ നിന്നുള്ള മത്സരത്തിന് തടയിടാനും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ.
നാലുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഇടുങ്ങിയ റോഡ് കാട്ടികൊടുക്കുന്നതിൽ കുപ്രസിദ്ധിയുള്ള മാപ്സ് ഇനി എഐ സഹായത്തോടെ റോഡുകളുടെ വീതിയും ട്രാഫിക് സാന്ദ്രതയും കണക്കാക്കി റൂട്ടുകൾ നിർദ്ദേശിക്കും. അതേ സമയം ഇരു ചക്ര വാഹനങ്ങൾക്ക് വീതി കുറഞ്ഞ റോഡുകളും കാട്ടികൊടുക്കും.
അടുത്ത ചാർജിങ്ങ് സ്റ്റേഷൻ എവിടെയെന്നത് ഇലക്ട്രിക് വാഹനങ്ങളോടിക്കുന്നവരുടെ ആശങ്കയാണ്. 8000ഓളം ഇവി ചാർജിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ ഇനി മാപ്സിലൂടെ ലഭ്യമാക്കും. ElectricPe, Ather, Kazam, Statiq തുടങ്ങിയ ഇവി ചാർജിങ് സേവനദാതാക്കളുമായി സഹകരിച്ചാണ് വിവരങ്ങൾ ലഭ്യമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്ലൈ ഓവറുകളുടെ സാനിധ്യം മുൻകൂട്ടി അറിയിച്ച് ഡ്രൈവർമാർക്ക് ഉണ്ടാവുന്ന ആശയകുഴപ്പം ഒഴിവാക്കാനുള്ള ഫീച്ചറും ഇപ്പോൾ മാപ്സിലുണ്ട്.
ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇൻഡോർ, ഭോപ്പാൽ, ഗുവാഹത്തി എന്നീ എട്ട് നഗരങ്ങളിലെ ആൻഡ്രോയിഡ് ഉപകരണങ്ങളിൽ പുതിയ ഫീച്ചറുകൾ ഈ ആഴ്ചമുതൽ ലഭ്യമായി തുടങ്ങും. ഐഓെസിലേക്കും കൂടുതൽ നഗരങ്ങളിലേക്കും സേവനം ഉടനെ വ്യാപിപ്പിക്കും എന്ന് ഗുഗിൾ ഇന്ത്യ അറിയിച്ചു.