പ്രഭാത സവാരിക്ക് ഇറങ്ങുന്നവരെ ആളില്ലാത്ത സ്ഥലത്ത് വെച്ച് പിടിച്ചു പറിക്കുന്ന ദമ്പതികൾ തിരുവല്ലയിൽ അറസ്റ്റിൽ
സ്വന്തം ലേഖകൻ
പത്തനംതിട്ട: തിരുവല്ലയിലും ചെങ്ങന്നൂരിലുമായി പ്രഭാത സവാരിക്ക് ഇറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച് വില്‍ക്കുന്ന സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍.
തിരുവല്ല കുറ്റൂരില്‍ ഒന്നര വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ മിത്രമഠം കോളനി നിവാസികളായ ലെതിന്‍ ബാബു(33), ഭാര്യ സൂര്യമോള്‍(26) എന്നിവരാണ് പിടിയിലായത്. നടക്കാന്‍ ഇറങ്ങുന്ന സ്ത്രീകളെ നിരീക്ഷിച്ച ശേഷം ആളില്ലാത്തതും വെളിച്ചം കുറഞ്ഞതുമായ സ്ഥലം കണ്ടെത്തി ബൈക്കിലും, നടന്നുമെത്തി മാലപൊട്ടിക്കുകയാണ് ലെതിന്‍ ചെയ്തിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലെതിന്‍ മോഷ്ടിച്ചുകൊണ്ടുവരുന്ന മാല സൂര്യമോള്‍ സ്വകാര്യ സ്ഥാപനത്തില്‍ പണയംവെച്ച് പണം തട്ടും. അടുത്തിടെയായി തിരുവല്ലയിലും ചെങ്ങന്നൂരിലുമായി പ്രഭാത സവാരിക്ക് ഇറങ്ങുന്നവരുടെ മാല പൊട്ടിക്കുന്ന സംഭവം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞെങ്കിലും ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
തുടര്‍ന്ന് ഒരു റൂട്ടിലെ സിസിടിവി ക്യാമറങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികള്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. തുടര്‍ന്ന് ആശാ വര്‍ക്കര്‍മാരുടെയും പഞ്ചായത്ത് അംഗങ്ങളുടെയും സഹായത്തോടെ ദമ്പതികളുടെ വിവരം ശേഖരിക്കുകയും പൊലീസ് സ്ഥലത്തെത്തി പിടികൂടുകയുമായിരുന്നു.
പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങുന്ന സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന സംഭവങ്ങള്‍ ഏറിയതോടെ, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ പത്തനംതിട്ട ഡിവൈഎസ്പി കെ സജീവ് എന്നിവരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
എസ്‌ഐമാരായ ബി രമേശന്‍, അനീഷ് എബ്രഹാം, കെ രാജന്‍, സന്തോഷ് കുമാര്‍, എസ്സിപിഒ ജോബിന്‍ ജോണ്‍, ഷഫീഖ്, വി ജെ വിജേഷ് കുമാര്‍, ആര്‍ ശ്രീലാല്‍, അനൂപ്, കെ എന്‍ ഉഷാകുമാരി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
നേരത്തെ രാമങ്കരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരു കേസില്‍ ഉള്‍പ്പെട്ടതോടെ ലെതിനും ഭാര്യയും കുറ്റൂരിലെത്തി വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മാല മോഷണം ഉള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ലെതിന്‍ രാജ് എന്ന് പൊലീസ് പറയുന്നു.