പോലീസ് വാഹനത്തിൽ കവർച്ച, വധശ്രമം, അടിപിടി; നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി, സംസ്ഥാനത്തൊട്ടാകെ നിരവധി കേസുകൾ, ഗുണ്ടാ ലിസ്റ്റിൽപ്പെട്ട 28കാരനെ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
സുല്‍ത്താന്‍ബത്തേരി: സ്ഥിരമായി കുറ്റകൃത്യങ്ങൾ ചെയ്യുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ യുവാവിനെ കാപ്പ ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തു.
ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി നടത്തുന്ന കരുതലിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മൂന്ന്പാലം ചക്കാലക്കല്‍ വീട്ടില്‍ സുജിത്തിനെ പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി. സുഭാഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഘം ചേര്‍ന്ന് ഗൂഡാലോചന, തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തല്‍, വധശ്രമം, അടിപിടി, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായായ സുജിത്ത് സംസ്ഥാനത്തെ കവര്‍ച്ച സംഘങ്ങളിലെ പ്രധാന കണ്ണിയാണെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2023-ല്‍ ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തി ആറു മാസം ജയില്‍ അടച്ചിരുന്നു. പിന്നീട് പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും അറസ്റ്റ് ചെയ്തത്. വയനാട് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറാണ് ഉത്തരവിറക്കിയത്.
ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട സുജിത്ത് 2022 ഒക്ടോബറില്‍ മലപ്പുറം സ്വദേശിയില്‍ നിന്നും ഒരു കോടിയിലധികം വരുന്ന പണം കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ്. തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാട്ടിക്കുളത്ത് വെച്ചായിരുന്നു പൊലീസ് സ്റ്റിക്കര്‍ പതിച്ച വാഹനവുമായി വന്ന് പൊലീസ് എന്ന വ്യാജേനെ ബാംഗ്ലൂരില്‍ നിന്നും വരികയായിരുന്ന സില്‍വര്‍ ലൈന്‍ ബസ്സ് തടഞ്ഞു നിര്‍ത്തി പണം കവര്‍ച്ച ചെയ്തത്.
ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നവര്‍ക്കെതിരെയും സാമൂഹ്യവിരുദ്ധര്‍ക്കെതിരെയും ശക്തമായ നടപടികള്‍ തുടരുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. ജില്ലയിലെ പുല്‍പ്പള്ളി, തിരുനെല്ലി പോലീസ് സ്റ്റേഷനുകളിലും ജില്ലക്ക് പുറത്തായി കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കതിരൂര്‍, വളപട്ടണം, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലെ പയ്യോളി, മലപ്പുറം, തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലുമായി വിവിധ കേസുകളില്‍ പ്രതിയാണ് സുജിത്ത് എന്ന് പോലീസ് പറഞ്ഞു.