ഒരുമിച്ച്‌ കാറില്‍ യാത്ര ചെയ്യുന്നതോ പരിപാടിയില്‍ പങ്കെടുക്കുന്നതോ ലൈംഗിക ബന്ധത്തിന് സമ്മതമായി കാണാന്‍ ആവില്ല; അത് ഇരയുടെ ഗതികേടാണ്; പെനിട്രേറ്റീവ് ലൈംഗിക ബന്ധം എന്ന പദം ഓരോ തവണയും ഇര ഉപയോഗിച്ചില്ല എന്നത് വീഴ്ചയല്ല; വിധി കോടതിയില്‍ വായിക്കുകയോ ഒപ്പു വയ്ക്കുകയോ ചെയ്തില്ല; വിധി പ്രസിദ്ധീകരിക്കുന്നതില്‍ അസാധാരണമായ കാലതാമസം ഉണ്ടായി; ഫ്രാങ്കോ കേസില്‍ അപ്പീല്‍ ഉടന്‍

ഒരുമിച്ച്‌ കാറില്‍ യാത്ര ചെയ്യുന്നതോ പരിപാടിയില്‍ പങ്കെടുക്കുന്നതോ ലൈംഗിക ബന്ധത്തിന് സമ്മതമായി കാണാന്‍ ആവില്ല; അത് ഇരയുടെ ഗതികേടാണ്; പെനിട്രേറ്റീവ് ലൈംഗിക ബന്ധം എന്ന പദം ഓരോ തവണയും ഇര ഉപയോഗിച്ചില്ല എന്നത് വീഴ്ചയല്ല; വിധി കോടതിയില്‍ വായിക്കുകയോ ഒപ്പു വയ്ക്കുകയോ ചെയ്തില്ല; വിധി പ്രസിദ്ധീകരിക്കുന്നതില്‍ അസാധാരണമായ കാലതാമസം ഉണ്ടായി; ഫ്രാങ്കോ കേസില്‍ അപ്പീല്‍ ഉടന്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടതിന് എതിരെ നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ പക്കല്‍ നിന്ന് നിയമോപദേശം ലഭിച്ചാല്‍ ഉടന്‍ അപ്പീല്‍ ഫയല്‍ ചെയ്യാനാണ് വാദിഭാഗം തീരുമാനം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ കാരണങ്ങള്‍ ഇങ്ങനെ

1. കേസിലെ ഇരയായ കന്യാസ്ത്രീയുടെ മൊഴി ചെറിയ വ്യത്യാസങ്ങളുടെ പേരിലാണ് വിശ്വാസ യോഗ്യം അല്ലെന്ന് കോടതി വിലയിരുത്തിയത്. ഇത് അംഗീകരിക്കാന്‍ ആവില്ല. മൊഴിയെടുക്കുമ്പോള്‍ ചെറിയ വ്യത്യാസങ്ങള്‍ വരുന്നത് വിശ്വാസ്യതയുടെ സൂചനയാണ്. അതേസമയം, തത്ത പറയുന്നത് പോലെ പറയുന്നതാണ് തള്ളിക്കളയേണ്ടത്. ഈ തത്ത്വമാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത്. വിചാരണ കോടതി ഈ വസ്തുത പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടു.

2.ചെറിയ കാരണങ്ങളുടെ പേരിലാണ് പ്രോസിക്യൂഷന്‍ സാക്ഷികളുടെ മൊഴി വിശ്വാസ യോഗ്യമല്ലെന്ന് കോടതി വിലയിരുത്തിയത്. ഇത് അംഗീകരിക്കാനാവില്ല. ഉദാഹണത്തിന് പിഡബ്ല്യു -2 സാക്ഷിയായ കന്യാസ്ത്രീയുടെ മൊഴി. അന്വേഷണവുമായി സഹകരിച്ചതിന്റെ പേരില്‍ അച്ചടക്ക നടപടി ഒഴിവാക്കാന്‍ തന്റെ മേലധികാരികള്‍ക്ക് അവര്‍ക്ക് വിശദീകരണം നല്‍കേണ്ടി വന്നു. സഭയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ വേണ്ടി അവര്‍ താന്‍ പൊലീസ് സമ്മര്‍ദ്ദത്തില്‍ മൊഴി നല്‍കിയതാണെന്നും തനിക്കെതിരെ നടപടി സ്വീകരിക്കരുത് എന്നും വിശദീകരണത്തില്‍ ആവശ്യപ്പെട്ടു. ഈ വിശദീകരണം മൂലം അവര്‍ വിശ്വസ്തയില്ലാത്ത സാക്ഷിയാണെന്ന നിഗമനത്തിലാണ് കോടതി എത്തി ചേര്‍ന്നത്. അവര്‍ ആ കത്ത് നല്‍കാന്‍ ഇടയായ സാഹചര്യം പരിഗണിച്ചതേയില്ല.

3.കന്യാസ്ത്രീയുടെ അനുഭവവിവരണത്തില്‍ വന്ന വ്യത്യാസങ്ങള്‍ അവരുടെ സാമൂഹിക ചുറ്റുപാടും, സാഹചര്യവുമായി തട്ടിച്ചുനോക്കിയില്ല. സാമാന്യ ഭാഷയില്‍ ബലാല്‍സംഗം, ലൈംഗിക പീഡനം, ലൈംഗിക ചൂഷണം എന്നീ വാക്കുകള്‍ ഇടകലര്‍ന്നാണ് ഉപയോഗിച്ചുവരുന്നത്. യോനിയില്‍ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗിക ബന്ധം എന്ന പദം ഓരോ തവണയും ഇര ഉപയോഗിച്ചില്ല എന്നത് വീഴ്ചയായി കണക്കാക്കാന്‍ ആവില്ല. ഇരയ്ക്ക് ഇക്കാര്യത്തില്‍ ആസൂത്രണമോ, നിയമ പരിചയമോ ഇല്ലെന്ന കാര്യം കണക്കിലെടുക്കണമായിരുന്നു. ഒരു പക്ഷേ ഇത് ഇരയുടെ വിശ്വാസ്യത കൂട്ടുകയാണ് ചെയ്യുന്നത്.

4. പരാതി നല്‍കാന്‍ വന്ന കാലതാമസത്തിന്റെ സത്യസന്ധമായ വിശദീകരണവും, അധികാര ശ്രേണിയില്‍ മുകളിലും താഴെയുമെന്ന വിശ്വാസപരമായ ബന്ധം (fiduciary relationship) ഈ കേസില്‍ ഉണ്ടെന്നും ഇരയുടെ മാനസികാവസ്ഥയില്‍ അത് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്നും ഉള്ള വസ്തുതകള്‍ കണക്കിലെടുത്തില്ല. അധികാര ശ്രേണിയില്‍ മുകളിലും താഴെയുമെന്ന കാര്യം കോടതി അംഗീകരിക്കുന്നുണ്ട്. ഇരയുടെ ജീവിതത്തെ സ്വാധീനിക്കാന്‍ പരമാധികാരമുള്ളയാണ് പ്രതി എന്ന കാര്യവും കോടതി അംഗീകരിക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ പരാതി പറയാന്‍ കഴിയാത്തതോ, കാലതാമസം വരുന്നതോ സ്വാഭാവികമായി കണക്കാക്കണം. വിധിയില്‍ ഈ സാഹചര്യം കണക്കാക്കിയിട്ടില്ല.

5. മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വ്യക്തമായി പ്രോസിക്യൂഷന്‍ അവതരിപ്പിച്ചെങ്കിലും, വിധിയില്‍ പരാമര്‍ശം ഇല്ലാത്തത് അത്ഭുതകരമാണ്.

6. പ്രതിയും ഇരയുമായി സംഭവിച്ചത് ഉഭയകക്ഷി ലൈംഗിക ബന്ധം എന്ന് വരുത്താനും വിധിയില്‍ വ്യംഗ്യസൂചനയുണ്ട്. ഇത് പ്രതി പോലും ഉന്നയിക്കാത്ത വിഷയമാണ്. വാക്കാലോ അല്ലാതെയോ ഉള്ള അസന്ദിഗ്ധമായ സമ്മതമാണ് ലൈംഗിക ബന്ധത്തിന് വേണ്ടത്. ഇത് തെളിയിക്കേണ്ട ബാധ്യത പ്രതിക്കുമാണ്. ഒരുമിച്ച്‌ കാറില്‍ യാത്ര ചെയ്യുന്നതോ പരിപാടിയില്‍ പങ്കെടുക്കുന്നതോ, ലൈംഗിക ബന്ധത്തിന് സമ്മതമായി കാണാന്‍ വിദൂര സാധ്യത പോലും ഇല്ല. അത് ഇരയുടെ ദുര്യോഗമായി ആണ് കാണേണ്ടത്.

7. വിധി കോടതിയില്‍ വായിക്കുകയോ ഒപ്പു വയ്ക്കുകയോ ചെയ്തില്ല. മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി വിധി പ്രസിദ്ധീകരിക്കുന്നതില്‍ അസാധാരണമായ കാലതാമസം ഉണ്ടായി.