പാല്‍ കറക്കുന്നതിനിടെ നാലു പശുക്കള്‍ ഷോക്കേറ്റ് ചത്തു ; ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു
സ്വന്തം ലേഖകൻ
തൃശൂര്‍: പാല്‍ കറക്കുന്നതിനിടെ നാലു പശുക്കള്‍ ഷോക്കേറ്റ് ചത്തു. പശുക്കളെ കറന്നുകൊണ്ടിരുന്ന ഉടമ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂര്‍ ചേര്‍പ്പ് പടിഞ്ഞാട്ടുമുറി പാലം സ്റ്റോപ്പിനു സമീപം വല്ലച്ചിറക്കാരന്‍ തോമസിന്റെ ഉടമസ്ഥതയിലുള്ള പശുക്കളാണ് ഷോക്കേറ്റ് ചത്തത്. തോമസിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് പശുക്കളില്‍ നാലെണ്ണമാണ് ചത്തത്. തോമസിന്റെ ഏക വരുമാനമാര്‍ഗ്ഗമായിരുന്നു ഈ കന്നുകാലികള്‍.
തോമസിന്റെ വീടിന് പിന്നിലുള്ള തൊഴുത്തിലാണ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ സംഭവം. മൂന്ന് പശുക്കളെ കറന്ന ശേഷം നാലാമത്തെ പശുവിനെ കറക്കാന്‍ ശ്രമിക്കുന്നതിനിടെ പശുക്കള്‍ എല്ലാം ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. കറന്ന പാല്‍പാത്രം തോമസിന്റെ കയ്യില്‍ നിന്ന് തെറിച്ചു വീണു. ഷോക്കേറ്റ് ദേഹം തരിച്ചുവെങ്കിലും തനിക്ക് മറ്റ് പരിക്കുകളെന്നും ഏറ്റില്ലെന്ന് തോമസ് പറഞ്ഞു. അത്ഭുതകരമായാണ് തോമസ് രക്ഷപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പശുക്കളെ കറക്കുന്ന സമയത്ത് തൊഴുത്തില്‍ ചാണകവും മൂത്രവും കിടന്ന നിലത്ത് നനവ് ഉണ്ടായിരുന്നു. ഇരുമ്പ് ഷീറ്റ് കൊണ്ട് മേല്‍ക്കൂരയുള്ള തൊഴുത്തില്‍ പശുക്കളെ കെട്ടിയ ഭാഗം ഇരുമ്പ് കൊണ്ടാണ് പണിതിട്ടുള്ളത്. മേല്‍ക്കൂരയില്‍ സ്ഥാപിച്ച ഫാനില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം കറന്റ് ഇവിടേക്ക് പ്രവഹിച്ചതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.